വാഷിങ്ടൺ ഡി.സി: വെനസ്വേലയിലെ കുപ്രസിദ്ധ ഗുണ്ടാ-ഭീകര സംഘടനയായ ട്രെൻ ഡി അരാഗ്വയുടെ തലവൻ ഹെക്ടർ റുസ്തൻഫോർഡ് ഗ്വെരേറോ ഫ്ലോറസ് കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ‘നിനോ ഗ്വെരേറോ’ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഇയാൾ യുഎസ് സൈന്യം നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് കൊല്ലപ്പെട്ടതെന്ന് ട്രംപ് വ്യക്തമാക്കി.
വെനസ്വേലൻ സുരക്ഷാ സേനയുമായി സഹകരിച്ചാണ് ട്രെൻ ഡി അരാഗ്വയുടെ താവളത്തിന് നേരെ ആക്രമണം നടത്തിയത്. സംഘത്തിന്റെ പ്രധാന കേന്ദ്രം ലക്ഷ്യമിട്ടുള്ള നീക്കത്തിനിടെയാണ് മാഫിയ തലവൻ കൊല്ലപ്പെട്ടതെന്ന് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.
“ട്രെൻ ഡി അരാഗ്വ ഭീകരർക്ക് ഇനി വെനസ്വേലയിലോ ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗങ്ങളിലോ സുരക്ഷിത താവളങ്ങളുണ്ടാകില്ല. ഇത്തരം കുറ്റവാളികളെ എവിടെയുണ്ടെങ്കിലും കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കും,” ട്രംപ് കുറിച്ചു.
അമേരിക്ക ഭീകരസംഘടനയായി പ്രഖ്യാപിച്ചിരിക്കുന്ന ട്രെൻ ഡി അരാഗ്വ മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത്, കൊലപാതകം, പണം തട്ടൽ തുടങ്ങിയ നിരവധി സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട സംഘമാണ്. ഗ്വെരേറോയെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 50 ലക്ഷം ഡോളർ വരെ പാരിതോഷികം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രഖ്യാപിച്ചിരുന്നു.
ഏകദേശം ഒരു പതിറ്റാണ്ട് മുൻപ് വെനസ്വേലയിലെ ഒരു ജയിലിലാണ് ട്രെൻ ഡി അരാഗ്വ രൂപംകൊണ്ടത്. പിന്നീട് ലാറ്റിൻ അമേരിക്കയിലുടനീളവും അമേരിക്കയിലേക്കും സംഘത്തിന്റെ സ്വാധീനവും കുറ്റകൃത്യ ശൃംഖലയും വ്യാപിച്ചതായി റിപ്പോർട്ടുകളുണ്ട്. അമേരിക്കയിലെ വിവിധ നഗരങ്ങളിലെ അക്രമസംഭവങ്ങൾക്കും മയക്കുമരുന്ന് വ്യാപനത്തിനും പിന്നിൽ ഈ സംഘമാണെന്ന് ട്രംപ് ഭരണകൂടം ആരോപിക്കുന്നു.




