തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി കാലാവസ്ഥാ വകുപ്പ്. പസഫിക് സമുദ്രത്തിൽ എൽനിനോ പ്രതിഭാസം ശക്തി പ്രാപിക്കുന്നതാണ് മഴ കുറയാനുള്ള പ്രധാന കാരണം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ മഴയിൽ വലിയ കുറവ് ഉണ്ടാകാനാണ് സാധ്യത. മറ്റ് ഏഷ്യൻ രാജ്യങ്ങളിലും മഴ കുറയുമെന്ന് മുന്നറിയിപ്പുണ്ട്.
ഇതിനിടെ, സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം. ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നുമാണ് പ്രവചനം. എന്നാൽ നാളെ മുതൽ മഴ മുന്നറിയിപ്പ് ഇല്ലെന്ന് അധികൃതർ അറിയിച്ചു.
മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സൊമാലിയൻ തീരം, ഒമാൻ തീരം, മധ്യ-പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന തെക്ക്-പടിഞ്ഞാറൻ, വടക്ക്-പടിഞ്ഞാറൻ അറബിക്കടൽ മേഖലകളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ, ചിലപ്പോൾ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റും ഉണ്ടാകാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.






