കോഴിക്കോട്: പെൺസുഹൃത്തിന്റെ പെരുമണ്ണയിലെ വാടകവീട്ടിൽ എത്തിയ യുവാവ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി പറമ്പിന്റെമുകളിൽ അറപ്പീടിക പേരാറ്റും പൊയിൽ കുഴിക്കാട്ട് ഷവാദ് അൻവർ (26) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.45 ഓടെയാണ് സംഭവം.
പെൺകുട്ടി വിവരം അറിയിച്ചതിനെ തുടർന്ന് സമീപവാസികൾ എത്തി പന്തീരാങ്കാവ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഒരു നിലയുള്ള ഓടിട്ട വീടിന്റെ ഇടനാഴിയിലെ ഉത്തരത്തിൽ ഷാളിൽ കഴുത്തിന് കുരുക്കിട്ട് തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പെൺകുട്ടിയുമായി ഉണ്ടായ തർക്കമാണ് സംഭവത്തിന് കാരണമെന്നാണ് പോലീസ് പ്രാഥമിക നിഗമനം. അവധിക്ക് നാട്ടിലെത്തിയ പ്രവാസിയാണ് ഷവാദ് അൻവർ. പിതാവ്: പരേതനായ അൻവർ സാദത്ത്, മാതാവ്: റൗഫിയ, സഹോദരൻ: മിൻഹാജ്.
സംഭവസമയത്ത് 17 വയസ്സുള്ള പെൺകുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആലപ്പുഴ സ്വദേശിനിയായ പെൺകുട്ടിയും കുടുംബവും കഴിഞ്ഞ നാല് മാസമായി ഈ വാടകവീട്ടിലാണ് താമസിച്ചിരുന്നതെന്ന് സമീപവാസികൾ പറയുന്നു.






