എറണാകുളം: പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവതി മരിച്ചു. ചേന്ദമംഗലം തോപ്പിൽ താമസിക്കുന്ന നന്ത്യാട്ടുകുന്നം അമ്പാട്ടുപറമ്പ് സുനിൽകുമാർ–മിനി ദമ്പതികളുടെ മകൾ ശ്രീലക്ഷ്മി (27) ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് ഏഴോടെ കരിമ്പാടം ഹെൽത്ത് സെന്ററിന് സമീപത്താണ് അപകടം നടന്നത്. ബന്ധുവീട്ടിൽ നിന്നിരുന്ന മകളെ കൂട്ടിക്കൊണ്ടുവരാൻ സ്കൂട്ടറിൽ പോകുന്നതിനിടെയാണ് എതിർദിശയിൽ നിന്ന് വന്ന ബൈക്കുമായി കൂട്ടിയിടിച്ചത്.
ഗുരുതരമായി പരിക്കേറ്റ ശ്രീലക്ഷ്മിയെ ഉടൻ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെടിമറ കരുമാഞ്ചേരിയിലെ ഒരു സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു.
മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച സംസ്കാരം നടക്കും. ഭർത്താവ് സജിത്ത് (ഡ്രൈവർ), മക്കൾ ആദ്യ, ആദിക്. സഹോദരൻ വിഷ്ണു.






