മലപ്പുറം: തിരൂരങ്ങാടിയിൽ രണ്ട് ഹോട്ടലുകൾക്ക് നഗരസഭ ലൈസൻസ് അനുവദിക്കുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്‌പെക്ടറെ വിജിലൻസ് പിടികൂടി. എസ്. ശ്രീജിയാണ് അറസ്റ്റിലായത്.
പുതുതായി ആരംഭിച്ച രണ്ട് ഹോട്ടലുകൾക്ക് ലൈസൻസ് നൽകുന്നതിനായി ഹെൽത്ത് ഇൻസ്‌പെക്ടർ ഹോട്ടൽ ഉടമയോട് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഉടമ ജില്ലാ വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ വിവരം അറിയിച്ചു.
വിജിലൻസ് സംഘം നടത്തിയ ട്രാപ്പ് ഓപ്പറേഷനിലാണ് എസ്. ശ്രീജിയെ പിടികൂടിയത്. പ്രതിയുടെ താമസസ്ഥലത്തുവെച്ചായിരുന്നു അറസ്റ്റ്. ശ്രീജിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.




