മധ്യപ്രദേശ്: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിൽ ഭർത്താവ് ഭാര്യയെ വീട്ടിലെ തൂണിൽ ചങ്ങലയിട്ട് പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ നിന്ന് രക്ഷപ്പെട്ട യുവതി കഴുത്തിൽ ചങ്ങലയും പൂട്ടും തൂങ്ങിക്കിടക്കുന്ന നിലയിൽ തന്നെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പിന്നാലെ ഭർത്താവ് സർദാർ സിംഗ് തൻവാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നതനുസരിച്ച്, ജൂൺ 10-ന് രാത്രി മദ്യപിച്ചെത്തിയ ഭർത്താവ് മംഗീഭായ് തൻവാറുമായി വഴക്കുണ്ടാക്കി. തുടർന്ന് മരക്കൊമ്പും വടിയും ഉപയോഗിച്ച് യുവതിയെ ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തെ തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ ശ്രമിച്ച യുവതിയെ വഴിമധ്യേ തടഞ്ഞ് വീണ്ടും വീട്ടിലേക്ക് കൊണ്ടുപോയി.
വീട്ടിലെത്തിച്ച ശേഷം യുവതിയുടെ കഴുത്തിൽ ഇരുമ്പ് ചങ്ങല ഇട്ട് വീടിന്റെ തൂണിൽ പൂട്ടിയിടുകയും, ഗ്യാസ് സ്റ്റൗവിൽ ചൂടാക്കിയ ഇരുമ്പ് വടികൊണ്ട് ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും ചെയ്തതായാണ് ആരോപണം. “പോലീസിൽ പരാതിപ്പെടാൻ കഴിയില്ല” എന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു.
ഏകദേശം 24 മണിക്കൂറോളം തടങ്കലിൽ കഴിഞ്ഞ യുവതി, ഭർത്താവ് പുറത്തുപോയ സമയത്ത് കല്ല് ഉപയോഗിച്ച് പൂട്ടു തകർത്താണ് രക്ഷപ്പെട്ടത്. തുടർന്ന് കഴുത്തിൽ ചങ്ങലയുടെ ഭാഗവുമായി തന്നെ വീട്ടിൽ നിന്ന് പുറപ്പെട്ടു.
നാട്ടുകാർ വഴിയിൽ അവഗണിച്ചെങ്കിലും ഒരാൾ സഹായിച്ചതോടെ യുവതി രാത്രി ഖിൽച്ചിപൂർ പൊലീസ് സ്റ്റേഷനിലെത്തി. ഉടൻ തന്നെ ചങ്ങല നീക്കം ചെയ്ത് വൈദ്യപരിശോധന നടത്തിയപ്പോൾ ശരീരത്തിൽ മർദ്ദനത്തിന്റെയും പൊള്ളലിന്റെയും പാടുകൾ കണ്ടെത്തി.
യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി അധികൃതർ അറിയിച്ചു.






