ആർലിങ്ടൺ: ഡല്ലാസ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എഫിലെ വാശിയേറിയ പോരാട്ടത്തിൽ യൂറോപ്യൻ വമ്പന്മാരായ നെതർലൻഡ്സിനെ സമനിലയിൽ കുരുക്കി ജപ്പാൻ. ലോകകപ്പിൽ ഇതുവരെ നടന്ന ഏറ്റവും ആവേശകരമായ മത്സരത്തിൽ ഇരു ടീമുകളും 2-2 എന്ന നിലയിൽ പിരിഞ്ഞു.
ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് കളി ആവേശഭരിതമായത്. 51-ാം മിനിറ്റിൽ നായകൻ വിർജിൽ വാൻ ഡിക് ഒരു തകർപ്പൻ ഹെഡ്ഡറിലൂടെ നെതർലൻഡ്സിനെ മുന്നിലെത്തിച്ചു. എന്നാൽ ആ ആവേശം അധികനേരം നീണ്ടുനിന്നില്ല. 57-ാം മിനിറ്റിൽ കെയ്റ്റോ നകാമുറ ജപ്പാനായി മറുപടി നൽകി.
67-ാം മിനിറ്റിൽ ക്രിസെൻസിയോ സമ്മർവില്ലെയിലൂടെ നെതർലൻഡ്സ് വീണ്ടും മുന്നിലെത്തി. പോരാടിയ ജപ്പാൻ 74-ാം മിനിറ്റിൽ സമനില ഗോൾ കണ്ടെത്തി. ഒരു കോർണർ കിക്കിൽ നിന്നും ലഭിച്ച പന്ത് ദായ്ച്ചി കമാഡ കൃത്യമായി ഹെഡ്ഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ വിജയഗോളിനായി ഇരു ടീമുകളും പോരാടി. എന്നാൽ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു.






