ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. ഡോ. മംഗള കോഹ്ലിയാണ് ഹർജി നൽകിയത്. ദേശീയതലത്തിൽ നടന്ന നീറ്റ് പരീക്ഷയിൽ ചില കേന്ദ്രങ്ങളിലുണ്ടായ ക്രമക്കേടുകളുടെ പേരിൽ മുഴുവൻ പരീക്ഷയും റദ്ദാക്കിയത് നിയമവിരുദ്ധമാണെന്നാണ് ഹർജിയിലെ പ്രധാന വാദം.
ചോദ്യപേപ്പർ ചോർച്ച ഏതാനും പരീക്ഷാകേന്ദ്രങ്ങളിൽ മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്നും, അതിനാൽ ക്രമക്കേട് നടന്ന കേന്ദ്രങ്ങളിലെ പരീക്ഷ മാത്രം റദ്ദാക്കിയാൽ മതിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ആദ്യ പരീക്ഷ റദ്ദാക്കിയ വിജ്ഞാപനവും ജൂൺ 21-ന് പുനഃപരീക്ഷ നടത്താനുള്ള തീരുമാനവും റദ്ദാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിച്ചേക്കും. മെയ് 3-ന് നടന്ന നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച ആരോപണത്തെ തുടർന്നാണ് റദ്ദാക്കിയത്.
അതേസമയം, പുനഃപരീക്ഷയുടെ തീയതി മാറ്റണമെന്ന ആവശ്യവുമായി വിദ്യാർഥികളും രംഗത്തെത്തി. 1,467 വിദ്യാർഥികൾ പരീക്ഷ ഒരു മാസം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് എൻടിഎയ്ക്ക് നിവേദനം നൽകി. പരീക്ഷ അപ്രതീക്ഷിതമായി പ്രഖ്യാപിച്ചതിനാൽ തയ്യാറെടുപ്പിന് ആവശ്യമായ സമയം ലഭിച്ചില്ലെന്നാണ് വിദ്യാർഥികളുടെ പരാതി. അഭിഭാഷകൻ വിനീത് ജിൻഡാൽ വഴിയാണ് നിവേദനം സമർപ്പിച്ചത്.
പുനഃപരീക്ഷ സുതാര്യമായും സുരക്ഷിതമായും നടത്തണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ നിർദേശം നൽകിയിട്ടുണ്ട്. പരീക്ഷാ സുരക്ഷ ഉറപ്പാക്കുന്നതിൽ സംസ്ഥാനങ്ങളുടെ പൂർണ സഹകരണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനിടെ, നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിച്ചു. ചോദ്യപേപ്പർ ചോർച്ചയും തട്ടിപ്പുകളും തടയുന്നതിനായി ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജൂൺ 22 വരെ ടെലഗ്രാമിലേക്കുള്ള ചില സേവനങ്ങൾ പരിമിതപ്പെടുത്തിയതായും, മെസേജ് എഡിറ്റ് ഫീച്ചർ ജൂൺ 30 വരെ പ്രവർത്തനരഹിതമാക്കിയതായും റിപ്പോർട്ടുണ്ട്.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും നീക്കം ചെയ്തിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ, ചോദ്യപേപ്പർ ലഭ്യമാക്കാമെന്ന വാഗ്ദാനങ്ങൾ തട്ടിപ്പാണെന്ന് എൻടിഎ മുന്നറിയിപ്പ് നൽകി.




