തിരുവനന്തപുരം: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ഫോട്ടോ മികച്ച തിരകഥാകൃത്താക്കി പി.എസ്.സി ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ച സംഭവത്തിൽ പരാതിയുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. സംഭവത്തിൽ വീഴ്ച പറ്റിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വി. ആണ് പരാതി സമർപ്പിച്ചത്. ഇടതുപക്ഷ അനുകൂല ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്ന് സംശയിക്കുന്നതായും പരാതിയിൽ പറയുന്നു.
മികച്ച തിരക്കഥാകൃത്തിന്‍റെ പേര് ഉൾപ്പെടുത്തിയ ഭാഗത്താണ് തെറ്റായി ആകാശ് തില്ലങ്കേരിയുടെ ചിത്രം പ്രസിദ്ധീകരിച്ചത്. മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ രാജേഷ് തില്ലങ്കേരിക്കു പകരമായാണ് ഈ പിഴവ് സംഭവിച്ചത്. മേയ് 15ലെ പി.എസ്.സി ബുള്ളറ്റിനിലാണ് ഈ ഗുരുതരമായ പിശക് കണ്ടെത്തിയത്.
അതേസമയം, സംഭവത്തിൽ പിഎസ്‍സി തെറ്റ് സമ്മതിക്കുകയായിരുന്നു. എവിടെയാണ് പിഴവ് സംബന്ധിച്ചത് എന്നതിൽ കൃത്യമായ വ്യക്തത നൽകാതെയാണ് തെറ്റ് സമ്മതിച്ചത്.






