തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കൾ മർദനത്തിനിരയായ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് തിരുത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിൽ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) പരിശോധന നടത്തി. സന്ദർശക രജിസ്റ്റർ, സിസിടിവി ദൃശ്യങ്ങൾ എന്നിവ പരിശോധിച്ച സംഘം പൊലീസ് ക്ലബ്ബായ അഗസ്ത്യയിലെ റൂം രജിസ്റ്ററും ശേഖരിച്ചു.
കേസിന്റെ പ്രാഥമിക അന്വേഷണം അട്ടിമറിക്കാൻ എഡിജിപി ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് എസ്‌ഐടിയുടെ ലക്ഷ്യം. കേരള പൊലീസ് ചരിത്രത്തിൽ ആദ്യമായാണ് ഒരു കേസിന്റെ ഭാഗമായി ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിൽ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തുന്നത്.
നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച നേതാക്കളെ മർദിച്ച സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന ശുപാർശയുള്ള റിപ്പോർട്ട് പിന്നീട് തിരുത്തി, മർദനക്കേസ് നിലനിൽക്കില്ലെന്ന റഫർ റിപ്പോർട്ടായി കോടതിയിൽ സമർപ്പിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
പ്രതികൾക്ക് അനുകൂലമായ രീതിയിൽ റിപ്പോർട്ട് തയ്യാറാക്കിയത് എഡിജിപിയുടെ ഓഫീസിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കൈമാറിയ കേസ് ഡയറി ഓഫിസിലെ രണ്ട് ഗ്രേഡ് എസ്‌ഐമാർ തിരുത്തിയെന്നുമാണ് എസ്‌ഐടിക്ക് ലഭിച്ച വിവരം. ഇത് എഡിജിപി എം.ആർ. അജിത് കുമാറിന്റെ നിർദേശപ്രകാരമാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മൊഴി നൽകിയതായും റിപ്പോർട്ടുകളുണ്ട്.
കേസ് ആദ്യം അന്വേഷിച്ച ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയെയും എസ്‌ഐയെയും എഡിജിപി ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് റിപ്പോർട്ട് തിരുത്തി കൈമാറിയതെന്ന വിവരവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഈ മൊഴികൾ സ്ഥിരീകരിക്കുന്നതിനായാണ് ഓഫീസിൽ നിന്ന് കൂടുതൽ രേഖകളും തെളിവുകളും ശേഖരിച്ചത്.
അതേസമയം, നവകേരള യാത്രയ്ക്കെതിരായ പ്രതിഷേധത്തിനിടെ എ.ഡി. തോമസ് എംഎൽഎയെയും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസിനെയും മർദിക്കാൻ ഗൺമാനും സുരക്ഷാസംഘത്തിനും ആരുടെയെങ്കിലും നിർദേശം ലഭിച്ചിരുന്നോ എന്നതും എസ്‌ഐടി അന്വേഷിച്ചുവരികയാണ്.






