തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ ബിജെപിക്ക് കീഴടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എൽഡിഎഫ് സർക്കാർ ധാരണാപത്രത്തിൽ ഒപ്പിടുക മാത്രമാണ് ചെയ്തത്. ധാരണാപത്രം ഒപ്പിട്ടതുകൊണ്ട് പദ്ധതി നടപ്പാവില്ലെന്നും കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് യുഡിഎഫ് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പിണറായി വിജയന്‍ പറഞ്ഞു.
സംസ്ഥാന തലത്തിലും ജില്ലാതലത്തിലും മോണിറ്ററിങ് കമ്മിറ്റി വേണം. കൂടാതെ പദ്ധതി നടപ്പാക്കുന്ന സ്‌കൂളുകളുടെ പട്ടികയും തയ്യാറാക്കി കേന്ദ്രത്തിന് അയക്കണം. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിടുകമാത്രമാണ് ചെയ്തത്. തുടര്‍നടപടികള്‍ ഒന്നും സ്വീകരിച്ചില്ല. മോണിറ്ററിങ് കമ്മിറ്റി ഉണ്ടാക്കുകയോ, സ്‌കൂളുകളുടെ പട്ടിക കൈമാറുകയോ ചെയ്തിട്ടില്ലെന്നും പിണറായി പറഞ്ഞു. അന്ന് അത് ചെയ്തത് എസ്എസ്കെ ഫണ്ടിന് വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നടപ്പാക്കുന്നതിന്റെ ഉദ്ദേശ ശുദ്ധി യുഡിഎഫ് തന്നെ വിശദീകരിക്കണം, ധാരണാപത്രം റദ്ദ് ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് അവകാശം ഉണ്ട്, സംസ്ഥാന സര്‍ക്കാരിന് ഭേദഗതി ചെയ്യാന്‍ അവകാശമുണ്ട്. എന്നിട്ടും കേന്ദ്രസര്‍ക്കാരിന് കീഴടങ്ങിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പിണറായി പറഞ്ഞു.






