ചൈനയിൽ യുവതിയുടെ കൈയിലെ മുഴയിൽ നിന്ന് 10 സെന്റീമീറ്റർ നീളമുള്ള രണ്ട് ജീവനുള്ള വിരകളെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഒരു വർഷത്തിലേറെയായി കൈയിൽ വേദനയും വീക്കവും അനുഭവപ്പെട്ടിരുന്ന വാങ് എന്ന യുവതിക്കാണ് അപൂർവ ചികിത്സയിലൂടെ ആശ്വാസമായത്. ദക്ഷിണ ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിലെ ഷെൻഷെൻ പീപ്പിൾസ് ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടന്നത്.
യുവതിയുടെ ശരീരത്തിൽ കണ്ടെത്തിയ വിരകൾ ‘സ്പാർഗാനം’ (Sparganum) വിഭാഗത്തിൽപ്പെട്ടവയാണെന്ന് ഡോക്ടർമാർ അറിയിച്ചു. വീട്ടിൽ പതിവായി തവള ഇറച്ചി പാചകം ചെയ്തിരുന്ന യുവതി, തവളയെ മുറിക്കാൻ ഉപയോഗിച്ച അതേ ചോപ്പിംഗ് ബോർഡും കത്തിയും സലാഡുകളും മറ്റ് ഭക്ഷണങ്ങളും തയ്യാറാക്കാനും ഉപയോഗിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി.
തവളയുടെ ശരീരത്തിലുണ്ടായിരുന്ന പരാദവിരകളുടെ മുട്ടകൾ ചോപ്പിംഗ് ബോർഡിലൂടെ മറ്റ് ഭക്ഷണങ്ങളിലേക്ക് പകരുകയും, അവ ഭക്ഷണത്തോടൊപ്പം ശരീരത്തിലെത്തുകയും ചെയ്തതാകാമെന്നാണ് ഡോക്ടർമാരുടെ നിഗമനം. സാധാരണ കഴുകൽ മാത്രം ഇത്തരം മുട്ടകളെ നശിപ്പിക്കാൻ മതിയാകില്ലെന്നും അവർ മുന്നറിയിപ്പ് നൽകി.
മനുഷ്യശരീരത്തിൽ ഈ വിരകൾ പൂർണ വളർച്ച പ്രാപിക്കാറില്ലെങ്കിലും ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കാൻ കഴിയും. ചർമ്മത്തിനടിയിലേക്കും പേശികളിലേക്കും കണ്ണുകളിലേക്കും തലച്ചോറിലേക്കും വരെ ഇവ എത്താൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ചർമ്മത്തിന് കീഴിൽ വേദനയോടുകൂടിയ മുഴകൾ രൂപപ്പെടുന്നതാണ് പ്രധാന ലക്ഷണങ്ങളിലൊന്ന്.
അടുക്കളയിലെ ശുചിത്വക്കുറവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുന്നതും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.
അതേസമയം, മനുഷ്യശരീരത്തിൽ നിന്ന് പരാദവിരകളെ കണ്ടെത്തുന്ന സമാന സംഭവങ്ങൾ ചൈനയിൽ മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ ഗ്വാങ്ഡോങ് സ്വദേശിനിയുടെ തലച്ചോറിൽ നിന്ന് എട്ട് സെന്റീമീറ്റർ നീളമുള്ള വിരയെ നീക്കം ചെയ്തിരുന്നു. പല്ലുവേദന ശമിപ്പിക്കാൻ തവളയുടെ കാൽ ഉപയോഗിച്ചതും തിളപ്പിക്കാത്ത വെള്ളം കുടിച്ചതുമാണ് അണുബാധയ്ക്ക് കാരണമായതെന്നാണ് കണ്ടെത്തൽ. മെയ് മാസത്തിൽ ഗുവാങ്സി മേഖലയിൽ ഒരാളുടെ തലച്ചോറിൽ നിന്ന് അഞ്ച് സെന്റീമീറ്റർ നീളമുള്ള മറ്റൊരു വിരയെയും കണ്ടെത്തിയിരുന്നു.





