‘കേരളത്തിൽ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾക്കും ക്രമസമാധാന പ്രശ്നങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും വളർന്നുവരുന്ന സാമൂഹ്യ അരാജകാവസ്ഥയ്ക്കും പ്രധാന കാരണം മദ്യവും മറ്റുലഹരിവസ്തുക്കളുമാണെന്ന തിരിച്ചറിവ് എല്ലാവർക്കുമുണ്ട്. എന്നാൽ ഇതെല്ലാം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമാകുന്ന സർക്കാരാകട്ടെ അറിഞ്ഞുകൊണ്ടുതന്നെ മദ്യവ്യാപനത്തിനുവേണ്ടി നിലകൊള്ളുന്നതിലൂടെയും മറ്റ് ലഹരിവസ്തുക്കൾ ഫലപ്രദമായി തടയുന്നതിൽ വീഴ്ചവരുത്തുന്നതിലൂടെയും പൊറുക്കാനാകാത്ത കുറ്റകൃത്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
ഇനിയെങ്കിലും തെറ്റുതിരുത്താനും കേരളീയ സമൂഹത്തെയും തലമുറകളെയും തകർച്ചയിലേയ്ക്ക് നയിക്കുന്ന മദ്യം, മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിവിപത്തിൽനിന്നും നാടിനെയും ജനങ്ങളെയും രക്ഷിക്കുന്നതിനും പര്യാപ്തമായ നയങ്ങളും ഫലപ്രദവും സുതാര്യവുമായ നടപടികളും ആവിഷ്കരിച്ച് നടപ്പാക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ അത് മാപ്പർഹിക്കാത്ത കൃത്യവിലോപമാകും’- 2024ൽ മദ്യനയത്തിന്റെ പേരിൽ ഇടതുസർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസിന്റെ മുതിർന്ന നേതാവ് വിഎം സുധീകരൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണിത്. ഇതിപ്പോൾ വീണ്ടും കുത്തിപ്പൊക്കിയെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. കാരണം ബജറ്റിലെ വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട യുഡിഎഫ് സർക്കാരിന്റെ പുതിയ നയം തന്നെ.
മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച തന്റെ ആദ്യ ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്. കൃത്യം രണ്ട് വർഷം മുമ്പ്, പ്രതിപക്ഷത്തിരുന്നപ്പോൾ ഇതേ നടപടിയെ വലിയ അഴിമതിയായി വിശേഷിപ്പിച്ച സതീശൻ, മുഖ്യമന്ത്രിയായപ്പോൾ മലക്കം മറിഞ്ഞതാണ് വിമർശനങ്ങൾക്ക് കാരണമാകുന്നത്. ഒപ്പം മദ്യനിരോധന നിലപാടുകളുടേയും മുൻ വിമർശനങ്ങളുടേയും പേരിൽ ശ്രദ്ധേയനായ വിഎം സുധീരനും പെട്ടിരിക്കുന്ന അവസ്ഥയിലാണ്. ബിയറും വൈനും ഒഴികെയുള്ള മദ്യ ഉൽപ്പന്നങ്ങളെ ‘ലോ ആൽക്കഹോളിക് ബീവറേജ്’ എന്ന പ്രത്യേക വിഭാഗമായി പരിഗണിച്ച് പ്രത്യേക നികുതി ഏർപ്പെടുത്താനുള്ള നീക്കമാണ് വിവാദമായിരിക്കുന്നത്. 5% മുതൽ 10% വരെ വീര്യമുള്ള മദ്യത്തിന് 120% വിൽപന നികുതിയും 10% മുതൽ 20% വരെ വീര്യമുള്ള മദ്യത്തിന് 175% വിൽപന നികുതിയുമാണ് ബജറ്റിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് ജെൻ സീയെ സന്തോഷിപ്പിച്ച് കുടിപ്പിച്ച് കിടത്താനാണെന്ന തരത്തിൽ വരെ വിമർശനങ്ങൾ വരുന്നുണ്ട്.
ഈ ആശയം കൊണ്ടുവന്നത് തങ്ങളല്ല, മുൻ സർക്കാരാണെന്നാണ് യുഡിഎഫും എക്സൈസ് മന്ത്രി എം ലിജുവും നൽകുന്ന ന്യായീകരണം. പക്ഷേ, ജനങ്ങൾ തങ്ങളെ തിരഞ്ഞെടുത്തത് നിങ്ങളുടെ നിലപാടുകൾ നടപ്പാക്കാനല്ല എന്ന് പലപ്പോഴായി നിയമസഭയിൽ പ്രതിപക്ഷത്തെ നോക്കി പറഞ്ഞ വിഡി സതീശന് മുൻ സർക്കാരിന്റെ ഈ തീരുമാനം തിരുത്താൻ കഴിയുന്നില്ലേ എന്നത് ഒരു ചോദ്യം.
അന്ന് ഇടത് സർക്കാർ ഇത്തരമൊരു നീക്കം നടത്തിയപ്പോൾ അത് വലിയ അഴിമതിയാണെന്ന് വി.ഡി സതീശൻ ആരോപിച്ചിരുന്നു. വൻകിട ഡിസ്റ്റലറികൾക്ക് കോടികൾ എത്തിക്കാനുള്ള പരിപാടിയാണിതെന്നായിരുന്നു അന്നത്തെ വാദം. വിമര്‍ശനം ഉയര്‍ന്നപ്പോള്‍ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോവുകയും ചെയ്തു. തിരഞ്ഞെടുപ്പ് വരുമ്പോൾ അഴിമതി നടത്താനുള്ള മാർഗ്ഗമാണിതെന്ന് അന്ന് പറഞ്ഞ അതേ ആൾ തന്നെയാണ് ഇപ്പോൾ ബജറ്റിലൂടെ നികുതിയിളവ് നടപ്പിലാക്കുന്നത് എന്ന വിരോധാഭാസമാണ് പ്രതിപക്ഷം തുറന്നുകാണിക്കുന്നത്. ഒപ്പം പുതിയ ചില പ്രയോഗങ്ങളും. യുഡിഎഫ് എന്നാൽ ‘യുടേൺ ഡെമോക്രാറ്റിക് ഫ്രണ്ട്’ എന്ന പേരും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി. സതീശന് ഈ ഇടപാടിലൂടെ എത്ര കിട്ടിയെന്നാണ് അന്ന് വിഷയത്തിൽ പൊള്ളിയ മുൻ എക്സൈസ് മന്ത്രി എംബി രാജേഷ് ഇപ്പോൾ ചോദിക്കുന്നത്. തീരുമാനം അങ്ങേയറ്റം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുറിച്ചു.
വാക്കാണ് പ്രധാനം എന്ന് വിശ്വസിച്ചിരുന്ന ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. വാക്കിന് വില കൽപ്പിക്കുന്നവർ ഇത്തരം മലക്കംമറിച്ചിലുകൾ മറക്കില്ലെന്നും വിമർശനം ഉയരുന്നുണ്ട്. ഇതിനു പിന്നില്‍ മദ്യ കമ്പനികളുടെ കച്ചവട താല്‍പ്പര്യം കൂടി ഉണ്ടോയെന്നതാണ് ഇവർ ഉയർത്തുന്ന പ്രധാന ചോദ്യം.
വരുമാനം കൂട്ടുക എന്നതിനൊപ്പം ഉപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയാണ് മുൻകാലങ്ങളിലെല്ലാം മദ്യത്തിന് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, മദ്യത്തിന്റെ വില പകുതിയിലധികം കുറയ്ക്കുന്നത് ഇതാദ്യമാണ്. വില കുറഞ്ഞ മദ്യം മാര്‍ക്കറ്റില്‍ സുലഭമായി ലഭ്യമാകുമ്പോള്‍ മദ്യത്തിന്റെ ഉപയോഗം കുത്തനെ വര്‍ദ്ധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. വീര്യം കുറഞ്ഞതാണ് നല്‍കുന്നത് എന്ന ന്യായം ഉയര്‍ത്തിയാലും ആത്യന്തികമായി മദ്യത്തിന്റെ ഉപയോഗം തന്നെയാണ് ക്രമാതീതമായി വര്‍ദ്ധിക്കുക. പലപ്പോഴും ചെറുപ്പക്കാരായിരിക്കും ഇതിലേക്ക് ആദ്യം ആകർഷിക്കപ്പെടാൻ പോകുന്നത്. അങ്ങനെ, വീര്യം കുറഞ്ഞതില്‍ നിന്ന് വീര്യം കൂടിയ മദ്യത്തിലേക്കുള്ള ഒരു കവാടമായി ഇത് മാറിയേക്കാം. യുവതലമുറയെ വഴിതെറ്റിച്ചേക്കാവുന്ന തെറ്റായ സമീപനമാണ് ഈ മദ്യനയം. നമ്മുടെ സമൂഹം ആശങ്കപ്പെടേണ്ട അവസ്ഥയിലേക്കാണ് പോകുന്നത്.
ഇനി ഈ വിഷയത്തിൽ മദ്യ ഉപയോഗത്തെ ശക്തമായി എതിർക്കുന്ന മുസ്ലീം ലീഗിന്റെ നിലപാട് എന്താണെന്നറിയാൻ ആകാംഷയുണ്ട്. മത-സാമുദായിക സംഘടനകളും മദ്യവിരുദ്ധ സംഘടനകളും എന്ത് തരം നിലപാട് സ്വീകരിക്കും എന്നതും ശ്രദ്ധേയം.






