കൊച്ചി: എറണാകുളം പാറക്കടവ് പഞ്ചായത്തിലെ പുളിയനത്ത് ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്ക് നേരെ ലഹരിമാഫിയ സംഘത്തിന്റെ ക്രൂരാക്രമണം. പെപ്പർ സ്പ്രേ പ്രയോഗിച്ചശേഷം വടിവാൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ അഞ്ച് പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു.
ഡി.വൈ.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റ് രാഹുൽ രാജു, സെക്രട്ടറി ജിതിൻ ജോസ്, എം.കെ. മിഥുൻ, എം.കെ. നിധിൻ, സലിംകുമാർ എന്നിവർക്കാണ് പരിക്കേറ്റത്.
ശനിയാഴ്ച രാത്രി 10.30ഓടെ പുളിയനം കൽകുരിശ് ഭാഗത്തായിരുന്നു സംഭവം. യൂണിറ്റ് കമ്മിറ്റി യോഗം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രവർത്തകർ ആക്രമിക്കപ്പെട്ടത്. ലഹരിസംഘം ആദ്യം യുവാക്കളുടെ കണ്ണിലേക്ക് പെപ്പർ സ്പ്രേ പ്രയോഗിക്കുകയും തുടർന്ന് വടിവാൾ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് ആരോപണം.
പരിക്കേറ്റവരെ അങ്കമാലിയിലെ ലിറ്റിൽ ഫ്ളവർ ആശുപത്രിയിലും അപ്പോളോ ആഡ്ലക്സ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ അങ്കമാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലഹരിമാഫിയക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഡി.വൈ.എഫ്.ഐ. പ്രവർത്തകരുടെ ആരോപണം.
ആക്രമണത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. അങ്കമാലി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുളിയനത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബിബിൻ വർഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. സച്ചിൻ കുര്യക്കോസ്, റോജിസ് മുണ്ടപ്ലാക്കൽ, യദു ബാലചന്ദ്രൻ, സി.എൻ. മോഹനൻ, ജിഷാ ശ്യാം, ജിബിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.






