മുസാഫർപുർ: ബിഹാറിലെ മുസാഫർപുർ ജില്ലയിൽ 70 വയസ്സുകാരി വെടിയേറ്റ് മരിച്ചു. പനാപുർ ഒപി പൊലീസ് സ്റ്റേഷൻ പരിധിയിലെ രാംതോഹ്മ ഗ്രാമത്തിൽ ബൽദേവ് പണ്ഡിറ്റിന്റെ ഭാര്യ മർഛിയ ദേവിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി വൈകിയാണ് അജ്ഞാതരായ അക്രമികൾ ഇവർക്കു നേരെ വെടിയുതിർന്നത്. സംഭവസ്ഥലത്തുതന്നെ അവർ മരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇതേ കുടുംബത്തിൽ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്. 2021-ലും 2023-ലും കുടുംബത്തിലെ മറ്റ് അംഗങ്ങളും സമാനമായി കൊല്ലപ്പെട്ടിരുന്നു. സംഭവത്തെ തുടർന്ന് പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. ഡിഎസ്പി ഈസ്റ്റ്-1 അലയ് വത്സസ്, റൂറൽ എസ്പി രാജേഷ് സിങ് പ്രഭാകർ, എസ്എസ്പി കാന്തേഷ് കുമാർ മിശ്ര എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
സംഭവ സ്ഥലത്ത് നിന്ന് ഉപയോഗിച്ച തിര കണ്ടെത്തിയിട്ടുണ്ട്. കുടുംബ വൈരാഗ്യം, ഭൂമി തർക്കം എന്നിവയുടെ വ്യക്തമായ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഗ്രാമത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അക്രമികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.





