ലഖ്‌നൗ: ലഖ്‌നൗവിലെ അലിഗഞ്ചിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്റർ ഉൾപ്പെട്ട മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപിടിത്തം. സംഭവത്തിൽ 12ഓളം പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. അഗ്നിശമന സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
അലിഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉഷ മേത്ത മാർഗിലുള്ള കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായതായി വിവരം ലഭിച്ചതെന്ന് അഗ്നിശമന സേന അറിയിച്ചു.
തീപിടിത്തത്തെ തുടർന്ന് കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത പുകയും തീയും അതിവേഗം പടർന്നു. ഇതോടെ നിരവധി വിദ്യാർഥികൾ ജീവൻ രക്ഷിക്കാനായി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയതായും റിപ്പോർട്ടുകളുണ്ട്.
കെട്ടിടത്തിലെ എയർ കണ്ടീഷനിംഗ് യൂണിറ്റിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ ആളുകൾ അകത്ത് കുടുങ്ങിക്കിടക്കാനുള്ള സാധ്യത കണക്കിലെടുത്ത് രക്ഷാപ്രവർത്തനം ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.




