പത്തുവർഷത്തെ നീണ്ട കാത്തിരിപ്പിനും വനവാസത്തിനും ശേഷം തലസ്ഥാനത്ത് ഒരു ഭരണമാറ്റം വന്നതേയുള്ളൂ, സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് ഒറ്റയടിക്ക് ഒരു വലിയ കല്യാണപ്പന്തലിന്റെ മട്ടിലേക്ക് മാറിയിരിക്കുകയാണ്. എങ്ങോട്ട് തിരിഞ്ഞാലും വെളുത്ത ഖദർ വസ്ത്രങ്ങൾ മാത്രം. സത്യത്തിൽ ഇപ്പോൾ സെക്രട്ടേറിയറ്റിലേക്ക് കടക്കാൻ സുരക്ഷാ പാസോ മുൻകൂർ അനുമതിയോ ഒന്നും ആവശ്യമില്ല. ഒരു ഒന്നാന്തരം ഖദർ ഷർട്ടും മുണ്ടും ഇട്ടാൽ മതി; കൂടെയൊരു ഗാംഭീര്യവും കൂടിയുണ്ടെങ്കിൽ ഗേറ്റിലെ സെക്യൂരിറ്റിക്കാർ വിഐപി പരിഗണന നൽകി സല്യൂട്ട് അടിച്ച് അകത്തേക്ക് ആനയിക്കും. സ്ഥലംമാറ്റം, പുതിയ നിയമനങ്ങൾ, കരാറുകൾ, പിന്നെ പുതിയ മന്ത്രിയുടെ കസേര ഒന്ന് നേരിൽ കാണുക തുടങ്ങി വളരെ ‘ഗൗരവമുള്ള’ ആവശ്യങ്ങൾക്കാണ് ഈ പ്രാദേശിക നേതാക്കളുടെയും അണികളുടെയും തള്ളിക്കയറ്റം.
നീണ്ട കാലത്തിന് ശേഷം അധികാരം ലഭിച്ചതോടെ ആവേശവും ആവശ്യങ്ങളുമായി പാർട്ടി പ്രദേശികനേതാക്കളുടെ നേതൃത്വത്തിൽ അണികളും അനുയായികളും സെക്രട്ടേറിയറ്റിലേക്ക് വണ്ടികയറുകയാണ്. സ്ഥലംമാറ്റം മുതൽ തിരിച്ചെടുക്കൽ അടക്കം ചെറുതും വലുതുമായ ശുപാർശകളുമായാണ് വരവ്. ആഭ്യന്തര മന്ത്രാലയത്തിനാണ് കൂടുതൽ തലവേദന. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പലപ്പോഴായി കൃത്യവിലോപത്തിനും ക്രിമിനൽ ആക്ടിവിറ്റികൾക്കും ജോലി തെറിച്ച പൊലീസുകാരുടെ കുത്തൊഴുക്കാണ്. തങ്ങൾ പഴയ KSU പ്രവർത്തകരായിരുന്നു എന്ന് വരെ അപേക്ഷകളിൽ എഴുതിവെക്കുന്നവരുണ്ട് ഇക്കൂട്ടത്തിൽ.
സെക്രട്ടേറിയറ്റിലെ ഭരണനിർവഹണം സ്തംഭിച്ചു എന്നൊക്കെ ചിലർ കുറ്റപ്പെടുത്തുന്നത് വെറുതെയാണ്; ശരിക്കും അവിടെ സ്തംഭിച്ചത് അവിടുത്തെ പാവം ലിഫ്റ്റുകളാണ്. ആറു പേർക്ക് മാത്രം കയറാവുന്ന ലിഫ്റ്റിൽ പതിനഞ്ചും ഇരുപതും പേർ ഒന്നിച്ച് കയറി ഭാരം കൊടുത്താൽ പിന്നെ യന്ത്രം സ്തംഭിക്കാതെ എന്ത് ചെയ്യും! “പാർട്ടിക്കാർ നമ്മളൊക്കെ ഒറ്റക്കെട്ടായി നിൽക്കേണ്ടവരാ, അത് പുറത്തായാലും ലിഫ്റ്റിലായാലും അങ്ങനെ തന്നെ” എന്ന ലൈനിലാണ് പുതിയ സന്ദർശകർ. എന്തായാലും അമിതഭാരം താങ്ങാനാവാതെ കഴിഞ്ഞ ദിവസം രണ്ട് ലിഫ്റ്റുകളുടെ ശ്വാസം നിലച്ചു. രണ്ട് ദിവസം കഷ്ടപ്പെട്ടാണ് മെക്കാനിക്കുകൾ അവയ്ക്ക് ജീവൻ വെപ്പിച്ചത്. ലിഫ്റ്റ് ഓപ്പറേറ്റർമാരുടെ നിർദ്ദേശങ്ങൾക്കൊന്നും അവിടെ ഒരു വിലയുമില്ല.
ഇനി ഓഫീസുകളുടെ ഉള്ളിലെ കാര്യമാണെങ്കിൽ പറയാതിരിക്കുന്നതാണ് ഭേദം. മന്ത്രി ഓഫീസുകളിൽ നിന്നുതിരിയാൻ ഇടമില്ലാതായതോടെ പണിയെടുക്കാൻ പാടുപെടുകയാണ് ജീവനക്കാർ. ഉദ്യോഗസ്ഥർക്ക് ഫയൽ നോക്കാനോ സ്വന്തം കസേരയിൽ ഇരിക്കാനോ കഴിയുന്നില്ല, കാരണം ചുറ്റും ശുപാർശക്കാരുടെ മഹാസമ്മേളനമാണ്. സെക്രട്ടേറിയറ്റിന്റെ ഇടനാഴികൾ ഇപ്പോൾ നാട്ടിലെ കവലകൾക്ക് സമാനമായി മാറി. വിശേഷങ്ങൾ പങ്കുവെക്കാനും പുതിയ ‘ഡീലുകൾ’ ഉറപ്പിക്കാനുമുള്ള ഏറ്റവും സുരക്ഷിതമായ സ്ഥലം ഇപ്പോൾ ഇതാണല്ലോ. മുൻപ് സെക്രട്ടേറിയറ്റിന് അകത്തുകടക്കാൻ പാസ് വേണമായിരുന്നെങ്കിൽ ഇപ്പോൾ നിവേദനത്തിന്റെ കോപ്പി ഉയർത്തിക്കാണിച്ചാൽ മതി എന്നാണവസ്ഥ. മുഖ്യമന്ത്രിയുടെ ഓഫീസിൽ സെൽഫി എടുക്കാൻ വേണ്ടി മാത്രം വരുന്നവർ വരെയുണ്ടത്രേ, അതിൽ നല്ലൊരു ശതമാനവും ജെൻസീകളാണ്.
സമരഗേറ്റ് ഇടയ്ക്കുതുറന്നത് കാര്യങ്ങൾ എളുപ്പമാക്കി. ഇതിനിടയിൽ തങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്കായി എത്തുന്ന പാവം സാധാരണക്കാരുടെ കാര്യം കഷ്ടമാണ്. ഈ ആൾക്കൂട്ടത്തിനിടയിലൂടെ അവർക്ക് അകത്ത് കടക്കാൻ പോലും കഴിയുന്നില്ല. ഇതിനെല്ലാം പുറമെ മുറ്റത്ത് നിരനിരയായി നിർത്തിയിരിക്കുന്ന വിലകൂടിയ കാറുകൾ കാണുമ്പോൾ ഇതൊരു ആഡംബര വാഹന ഷോറൂമാണോ എന്ന് ആർക്കും തോന്നിപ്പോകും.
പണ്ട് മൂന്ന് മണി മുതൽ അഞ്ച് മണി വരെ കൃത്യമായി പാസ് വെച്ച് മാത്രം സന്ദർശകരെ കയറ്റിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അതൊക്കെ ഇന്നലെകളിലെ പഴങ്കഥയായി. പുതിയ ഭരണത്തിൽ സമരഗേറ്റും ജനങ്ങൾക്കായി തുറന്നിട്ടതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായി. സെക്യൂരിറ്റി ജീവനക്കാർ ഇപ്പോൾ ഗേറ്റിൽ നിൽക്കുന്നത് വെറുതെ ഗതാഗതം നിയന്ത്രിക്കാനും കാഴ്ച കാണാനുമാണ്. എന്തായാലും സ്ഥിതിഗതികൾ തീർത്തും കൈവിട്ടു പോയതോടെ അധികാരികൾക്ക് ചെറിയൊരു ബോധം വന്നിട്ടുണ്ട്. വീണ്ടും പാസ് സംവിധാനം കർശനമാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടത്രേ! സന്ദർശകസമയം മൂന്നുമുതൽ അഞ്ചുവരെ നിജപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. പിണറായി സർക്കാരിന്റെ നിയന്ത്രണങ്ങളെ പരിഹസിച്ച് അവസാനം അമിത ജനകീയത തലവേദനയായ അവസ്ഥയിലാണ് യുഡിഎഫ് സർക്കാർ. പക്ഷെ, ഭരണപക്ഷത്തിന്റെ ഈ പുതിയ ഖദർ സ്നേഹത്തിന് മുന്നിൽ ഈ കടലാസ് നിയന്ത്രണങ്ങൾ എത്രത്തോളം വിലപ്പോകുമെന്ന് കണ്ടുതന്നെ അറിയണം.
ഇതിനിടയിലും കോളടിച്ചവരുണ്ടെന്ന് പറയാതെ വയ്യ. സെക്രട്ടേറിയറ്റ് പരിസരത്തെ ഹോട്ടലുകളും കച്ചവടക്കാരുമൊക്കെ ഉണർവിലും ആവേശത്തിലുമാണ്. പെട്ടിക്കടകൾമുതൽ കാണാം തിരക്ക്. ലോഡ്ജ് മുറികൾ മിക്ക ദിവസങ്ങളിലും ഹൗസ് ഫുൾ.
എന്തായാലും സാധാരണക്കാർക്ക് ഒരു ഉപദേശം സൗജന്യമായി നൽകാം: അടുത്ത തവണ സെക്രട്ടേറിയറ്റിലേക്ക് എന്തെങ്കിലും ആവശ്യത്തിന് പോകുമ്പോൾ മറക്കാതെ ഒരു ജോഡി ഖദർ വാങ്ങി ധരിക്കുക, ചിലപ്പോൾ നിങ്ങളുടെ ഫയലുകൾക്ക് പെട്ടെന്ന് ചിറക് മുളച്ചേക്കാം!




