കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് മണ്ണ് കയറ്റിവന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയുണ്ടായ ദാരുണ അപകടത്തിൽ ഒരു സ്കൂൾ വിദ്യാർഥിയുൾപ്പെടെ മൂന്ന് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. അമിതവേഗത്തിൽ ഇറക്കം ഇറങ്ങിവന്ന ലോറി ആദ്യം സമീപത്തെ മതിലിൽ ഇടിച്ചശേഷം ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന മണ്ണ് ബസ് കാത്തുനിന്നവരുടെ മുകളിലേക്ക് മറിഞ്ഞുവീണു. ഇതിനൊപ്പം തകർന്ന ബസ് സ്റ്റോപ്പിന്റെയും മതിലിന്റെയും അവശിഷ്ടങ്ങളും ആളുകളുടെ മേൽ പതിച്ചതോടെ അപകടത്തിന്റെ ആഘാതം വർധിച്ചു.
പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രികളിലെത്തിച്ച ശേഷം ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മരിച്ചവരിൽ ഒരാൾ നീലേശ്വരം സ്വദേശിയായ ഹരിലാലാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് രണ്ട് പേരുടെ തിരിച്ചറിയൽ നടപടികൾ പുരോഗമിക്കുകയാണ്.
അപകടസമയത്ത് ബസ് സ്റ്റോപ്പിലുണ്ടായിരുന്ന നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു. മണ്ണ് നീക്കിയാണ് രക്ഷാപ്രവർത്തകർ ആളുകളെ പുറത്തെടുത്തത്. ആദ്യഘട്ടത്തിൽ അഞ്ച് പേരെ രക്ഷപ്പെടുത്തിയിരുന്നു. മണ്ണിനടിയിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായി പരിശോധനയും രക്ഷാപ്രവർത്തനവും തുടരുകയാണ്.






