കോഴിക്കോട്: വിവാദമായ ‘കാഫിർ’ സ്‌ക്രീൻഷോട്ട് കേസിൽ പ്രതിയായ ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസിൽ ജിതിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.
പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) നടത്തിയ അന്വേഷണത്തിൽ വിവാദ സ്‌ക്രീൻഷോട്ട് സൃഷ്ടിച്ചത് ജിതിൻ ഭാസ്‌കർ തന്നെയാണെന്ന നിഗമനത്തിലെത്തിയിട്ടുണ്ട്. തുടർന്ന് ബ്രോഡ്കാസ്റ്റ് ലിസ്റ്റുകൾ ഉപയോഗിച്ച് സ്‌ക്രീൻഷോട്ട് വ്യാപകമായി പ്രചരിപ്പിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തി.
അതേസമയം, സ്‌ക്രീൻഷോട്ട് തയ്യാറാക്കലിന്റെയും പ്രചാരണത്തിന്റെയും പിന്നിലെ ഏക ആസൂത്രകൻ ജിതിൻ മാത്രമല്ലെന്ന സംശയവും എസ്‌ഐടിക്കുണ്ട്. സ്‌ക്രീൻഷോട്ട് നിർമിക്കാനും പ്രചരിപ്പിക്കാനും മറ്റുചിലരുടെ പിന്തുണ ലഭിച്ചിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്.
അന്വേഷണത്തിനിടെ ജിതിൻ തന്റെ മൊബൈൽ ഫോൺ റീസെറ്റ് ചെയ്തതായി കണ്ടെത്തിയതായും ഇതുമൂലം നിർണായക തെളിവുകൾ നഷ്ടപ്പെട്ടതായും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ജില്ലാ ഫോറൻസിക് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
തെളിവുകൾ വീണ്ടെടുക്കുന്നതിനായി ഫോൺ സംസ്ഥാന ഫോറൻസിക് ലബോറട്ടറിയിലേക്ക് കൂടുതൽ പരിശോധനയ്ക്ക് അയക്കാനാണ് എസ്‌ഐടിയുടെ തീരുമാനം. നിലവിൽ ഫോൺ കോടതിയുടെ കസ്റ്റഡിയിലായതിനാൽ തുടർപരിശോധനയ്ക്ക് അനുമതി തേടി അന്വേഷണ സംഘം കോടതിയെ സമീപിക്കും.
ജിതിൻ ഭാസ്‌കർ നിരവധി വ്യക്തികൾക്കും വാട്‌സ്ആപ്പ് ഗ്രൂപ്പുകൾക്കും സ്‌ക്രീൻഷോട്ട് കൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 200ഓളം ഗ്രൂപ്പുകളിലേക്കാണ് സ്‌ക്രീൻഷോട്ട് പ്രചരിപ്പിക്കപ്പെട്ടതെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ.
അന്വേഷണ സംഘത്തിന്റെ നിഗമനമനുസരിച്ച്, വിവാദ സ്‌ക്രീൻഷോട്ട് ആദ്യം ‘വടകര സ്‌ക്വാഡ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ജിതിൻ പങ്കുവെച്ചത്. തുടർന്ന് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ ‘റെഡ് എൻകൗണ്ടർ’ എന്ന ഗ്രൂപ്പിലൂടെ അത് പ്രചരിപ്പിച്ചുവെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്.






