തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയെക്കുറിച്ച് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം. സിപിഐ എംഎൽഎ പി. പ്രസാദാണ് വിഷയം ഉന്നയിച്ചത്. വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനും പ്രതിപക്ഷവും തമ്മിൽ കടുത്ത വാക്പോര് ഉണ്ടായി. പദ്ധതി സംബന്ധിച്ച നടപടികൾ മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് നടന്നതെന്നും, ഇപ്പോഴത്തെ സർക്കാർ പുതിയ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കരാർ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരാണെന്നും, പദ്ധതി നടപ്പാക്കാൻ സന്നദ്ധത അറിയിച്ച് കേന്ദ്രത്തിന് കത്ത് നൽകിയതായും മന്ത്രി ആരോപിച്ചു. എംഒയു ഒപ്പിട്ടത് “ഇരുട്ടിന്റെ മറവിലാണ്” നടന്നതെന്നും അദ്ദേഹം വിമർശിച്ചു.
എന്നാൽ പി. പ്രസാദ് ഈ ആരോപണങ്ങൾ നിഷേധിച്ചു. പദ്ധതി കേരളത്തിൽ നടപ്പാക്കില്ലെന്ന് മുൻ സർക്കാർ തന്നെ പറഞ്ഞിട്ടുണ്ടെന്നും, ഇപ്പോഴത്തെ സർക്കാർ അതിനെ മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പി.എം. ശ്രീ പദ്ധതി ആർഎസ്എസ് അജണ്ടയാണെന്ന വിമർശനവും അദ്ദേഹം ഉയർത്തി. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ എൽഡിഎഫ് നിലപാട് എടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, പ്രതിപക്ഷത്തെ പരിഹസിച്ച് മന്ത്രി ഷംസുദ്ദീൻ മറുപടി നൽകി. എട്ടു മാസം കഴിഞ്ഞിട്ടും സുപ്രീംകോടതിയെ സമീപിക്കാത്തത് പ്രതിപക്ഷത്തിന്റെ നിലപാട് വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പി.എം. ശ്രീ വിഷയത്തിൽ നിയമസഭയിൽ ഇരുവിഭാഗവും തമ്മിലുള്ള വാക്പോര് ശക്തമായതോടെ ചര്‍ച്ച കൂടുതൽ ചൂടുപിടിച്ചു.






