തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ റദ്ദാക്കി. നിലവിൽ കാപ്പ കേസിൽ ജയിലിൽ കഴിയുന്നതിനിടെയാണ് നടപടി. വട്ടിയൂർക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത വധശ്രമ കേസുമായി ബന്ധപ്പെട്ട് ഇയാളെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് സത്യപ്രതിജ്ഞ അസാധുവാക്കിയത്.
തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞ റദ്ദാക്കപ്പെട്ട 20 ബിജെപി കൗൺസിലർമാരിൽ ഒരാളാണ് സുഗതൻ. ഗുരുദേവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തിരുന്നു. വിവിധ ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് രേഖകൾ പറയുന്നു. 2019 മുതൽ 2026 വരെ നിരവധി കേസുകൾ വട്ടിയൂർക്കാവ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിക്രമം, വധശ്രമം, ഭീഷണി ഉൾപ്പെടെയുള്ള കേസുകൾ ഇതിൽ ഉൾപ്പെടുന്നു.
അടുത്തിടെ വെള്ളൈക്കടവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ചതാണ് പുതിയ കേസ്. ഈ കേസിൽ മുൻകൂർ ജാമ്യാപേക്ഷകൾ സെഷൻസ് കോടതിയും ഹൈക്കോടതിയും തള്ളിയതോടെ അറസ്റ്റ് നടന്നു. കാപ്പ നിയമപ്രകാരം ജയിലിലായ സുഗതൻ ഇപ്പോഴും ജയിലിൽ തുടരുകയാണ്. ഇതിനിടെയാണ് സത്യപ്രതിജ്ഞ റദ്ദാക്കിയത്.






