കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് അനുവദിച്ച തീരുമാനം മദ്യ ലോബിയെ സഹായിക്കാനാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണന്‍ ആരോപിച്ചു. നികുതി കുറച്ചാൽ സംസ്ഥാനത്ത് മദ്യവ്യാപനം വർധിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.
മദ്യ മുതലാളിമാർക്ക് വലിയ തോതിൽ ലാഭം ഉണ്ടാക്കാൻ ഈ തീരുമാനം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കോൺഗ്രസിനുള്ളിൽ തന്നെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി വി ഡി സതീശൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും, അദ്ദേഹം ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണെന്നും ടി പി രാമകൃഷ്ണൻ ആരോപിച്ചു.
അതേസമയം, സിഎംആർഎൽ–എക്സാലോജിക് കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള വിഷയമാണെന്നും അത് അവരേത് പരിഹരിക്കട്ടെയെന്നുമാണ് എൽഡിഎഫ് കൺവീനറുടെ പ്രതികരണം. അന്വേഷണത്തിൽ എതിര്‍പ്പില്ലെന്നും, എന്നാൽ കേസിനെ സിപിഎമ്മിനെതിരെ ഉപയോഗിക്കുന്നതിനെതിരെ വിമർശനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
താൻ ഇപ്പോഴും എൽഡിഎഫ് കൺവീനറാണെന്നും പദവി മാറ്റുന്ന കാര്യം അറിയില്ലെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. പാർട്ടി തീരുമാനങ്ങൾ അനുസരിച്ചാണ് എല്ലാവരും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വീര്യം കുറഞ്ഞ മദ്യ നയം സംബന്ധിച്ച വിഷയത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ വ്യത്യസ്ത നിലപാട് സ്വീകരിച്ചതായി റിപ്പോർട്ടുകളുണ്ട്. വിഷയത്തിൽ ഭരണ-പ്രതിപക്ഷ തർക്കം ശക്തമായിരിക്കെയാണ് ആരോപണ-പ്രത്യാരോപണങ്ങൾ തുടരുന്നത്.






