തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഇഡി കക്ഷി ചേരാൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച് കോടതിയിൽ അക്ഷേപം നൽകുമെന്ന് അധികൃതർ അറിയിച്ചു. കേസിലെ ഒമ്പതാം പ്രതിയായ ഹരീഷിന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി കേസിൽ കക്ഷി ചേരാനുള്ള തീരുമാനം എടുത്തത്.
അതേസമയം, കേസിൽ നിലവിലെ പ്രോസിക്യൂഷനെതിരെ പൊലീസും രംഗത്തെത്തി. ജില്ലാ പ്രോസിക്യൂട്ടറെ മാറ്റി പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാണ് പൊലീസിന്റെ ആവശ്യം. ഇതുസംബന്ധിച്ച് മ്യൂസിയം എസ്എച്ച്ഒ കമ്മീഷണർക്ക് കത്ത് നൽകി.
ഹരീഷിന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് അപ്പീൽ നൽകുമെന്നും അറിയിച്ചു. പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടേണ്ടതില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ മാസപ്പടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയുണ്ടായ റെയ്ഡിനിടെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിലാണ് കേസ്. ഇതിൽ ആദ്യമായാണ് ഒരു പ്രതിക്ക് ജാമ്യം ലഭിക്കുന്നത്.






