മലപ്പുറം: സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മുസ്ലിം ലീഗ് എംഎൽഎ ടി വി ഇബ്രാഹിം. മദ്യവ്യാപനം വർധിപ്പിക്കുന്ന ഏതൊരു നടപടിക്കുമെതിരെയാണ് മുസ്ലിം ലീഗിന്റെ നിലപാടെന്നും ഇതിൽ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വിഷയം യു.ഡി.എഫിൽ ഇതുവരെ ചർച്ചയായിട്ടില്ലെന്നും, ചർച്ചയായാൽ ലീഗിന്റെ നിലപാട് വ്യക്തമായി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് മദ്യനയങ്ങൾ നടപ്പാക്കുന്ന രീതിയെ വിമർശിച്ച അദ്ദേഹം, യുഡിഎഫ് അധികാരത്തിലെത്തിയാൽ ഇത്തരം നയങ്ങൾ നടപ്പാക്കില്ലെന്ന പ്രതീക്ഷ സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്നും പറഞ്ഞു.
അതേസമയം, പിഎം ശ്രീ പദ്ധതിയുമായി സംബന്ധിച്ച വിവാദത്തിലും ടി വി ഇബ്രാഹിം പ്രതികരിച്ചു. ഫണ്ട് ലഭിക്കാത്തതിനാൽ പദ്ധതിയിൽ ഒപ്പിടേണ്ടി വന്നുവെന്ന് മുഖ്യമന്ത്രി തന്നെ സഭയിൽ പറഞ്ഞതായും, അതിനെ തുടർന്ന് ഉണ്ടായ വിവാദത്തിൽ യുഡിഎഫിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പണത്തിനായി യുഡിഎഫ് നിലപാട് മാറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






