കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ പ്രശ്നങ്ങൾക്ക് എത്രയും വേഗം പരിഹാരം കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി നടൻ പൃഥ്വിരാജ് സുകുമാരൻ പറഞ്ഞു. ‘ഐ നോബഡി’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം പ്രതികരിച്ചത്.
‘അമ്മ’യിലെ വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകവെ, സംഘടനയിലെ അംഗങ്ങൾക്കിടയിൽ ആശയപരമായ ഭിന്നതകൾ ഉണ്ടായിരുന്നുവെന്നും അതിന് സംഘടനയ്ക്കുള്ളിൽ പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്നതിനായി താത്കാലിക അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും പൃഥ്വിരാജ് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ അതിലപ്പുറം എന്താണ് ചെയ്യാനാകുകയെന്ന് അദ്ദേഹം ചോദിച്ചു.
സംഘടനയിലെ അംഗങ്ങളുടെ ആശങ്കകൾക്കും ചോദ്യങ്ങൾക്കും മറുപടി കണ്ടെത്തി പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കപ്പെടട്ടെയെന്നാണ് ഒരു സിനിമാ പ്രവർത്തകനും സംഘടനാ അംഗവുമായ തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത പാർവതി തിരുവോത്തിനോടും ഇതേ വിഷയത്തിൽ പ്രതികരണം തേടിയെങ്കിലും, കൂടുതൽ അഭിപ്രായം പറയാൻ അവർ തയ്യാറായില്ല. “നോ” എന്ന ഒറ്റവാക്കിലായിരുന്നു പാർവതിയുടെ മറുപടി.






