തൊടുപുഴ: ഇടുക്കി അണക്കര സർക്കാർ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ചതായി പരാതി. വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് ചൂരൽ ഉപയോഗിച്ച് അടിക്കുകയും മുട്ടിൽ നിർത്തിച്ച് കാലിൽ ചവിട്ടുകയും ചെയ്തതായാണ് കുട്ടിയുടെ പരാതി.
അധ്യാപകൻ അസഭ്യം പറഞ്ഞതായും, കമ്പ് ഉപയോഗിച്ച് പലതവണ അടിച്ചതായും കുട്ടി ആരോപിച്ചു. ശരീരമാസകലം വേദനയുണ്ടെന്ന് വിദ്യാർത്ഥി മാധ്യമങ്ങളോട് പ്രതികരിച്ചു. “കുറേ അടിച്ചു” എന്നും കുട്ടി പറഞ്ഞു.
“എന്റെ കുഞ്ഞിന് സംഭവിച്ചതുപോലെ മറ്റാർക്കും സംഭവിക്കരുത്” എന്ന് കുട്ടിയുടെ അമ്മ പറഞ്ഞത്. പരിക്കേറ്റ വിദ്യാർത്ഥിയെ വണ്ടൻമേട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
വിദ്യാർത്ഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വണ്ടൻമേട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് സഹപാഠികളുടെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.
സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് സ്കൂൾ അധികൃതരും പ്രതികരിച്ചു. സ്കൂളിൽ നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ചുവരികയാണെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.






