തിരുവനന്തപുരം: ഇഡി ആക്രമണക്കേസിൽ പ്രതിക്ക് അനുകൂലമായി വാദിച്ചെന്ന ആരോപണത്തെ തുടർന്ന് സർക്കാർ പ്രോസിക്യൂട്ടർ ഗീനാകുമാരിക്കെതിരെ അസാധാരണ നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. പ്രതിയുടെ ജാമ്യത്തിനെതിരെ ഹൈക്കോടതിയിൽ നൽകുന്ന അപ്പീലിൽ ഗീനാകുമാരിയെ എതിർകക്ഷിയാക്കാനാണ് സർക്കാർ തീരുമാനം. ഈ അപ്പീൽ നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും.
കേസിലെ ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിനെ കസ്റ്റഡിയിൽ വേണ്ടെന്ന നിലപാടാണ് ഗീനാകുമാരി കോടതിയിൽ സ്വീകരിച്ചത്. ഇത് പൊലീസിന്റെ റിപ്പോർട്ടിന് വിരുദ്ധമായിരുന്നുവെന്നാണ് സർക്കാർ വിലയിരുത്തൽ. ഒരു സർക്കാർ പ്രോസിക്യൂട്ടർക്കെതിരെ സർക്കാർ തന്നെ കോടതിയെ സമീപിക്കുന്നത് അപൂർവ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, ഇഡി ആക്രമണക്കേസിൽ പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കാനും തീരുമാനമായി. നാളെ സെഷൻസ് കോടതിയിൽ പ്രത്യേക പ്രോസിക്യൂട്ടറാകും ഹാജരാകുക. ഗീനാകുമാരിയെ മാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇന്ന് വൈകിട്ടോടെ പുറത്തിറങ്ങുമെന്നാണ് വിവരം. കൊച്ചിയിൽ ഡിജിപി ആസിഫ് അലി വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം എടുത്തത്.









