തിരുവനന്തപുരം: പി.എം.എ.വൈ (പ്രധാനമന്ത്രി ആവാസ് യോജന) വിവാദത്തിൽ കേന്ദ്ര സർക്കാരിനോടുള്ള മുസ്ലിം ലീഗ് മന്ത്രിമാരുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് മുൻമന്ത്രി ഡോ. കെ.ടി. ജലീൽ. ലീഗ് മന്ത്രിമാരായ കെ.എം. ഷാജിയുടെയും ഷംസുദ്ദീന്റെയും സമീപനം മതേതര വിശ്വാസികളെ വേദനിപ്പിക്കുന്നതാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നവർ ഇന്ന് ഇത്തരം നിലപാട് സ്വീകരിക്കുന്നത് ദൗർഭാഗ്യകരമാണെന്നും ജലീൽ പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിർമിക്കുന്ന വീടുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം സ്ഥാപിക്കാമെന്ന കെ.എം. ഷാജിയുടെ പ്രസ്താവന പ്രതിഷേധാർഹമാണെന്നും അദ്ദേഹം വിമർശിച്ചു.
കടമെടുത്താണെങ്കിലും ഒരു ഭരണാധികാരിയുടെയും ചിത്രം പതിപ്പിക്കാതെ അഞ്ച് ലക്ഷം വീടുകൾ പിണറായി വിജയൻ സർക്കാർ നിർമിച്ചുനൽകിയിരുന്നുവെന്ന് ജലീൽ ചൂണ്ടിക്കാട്ടി. പാവപ്പെട്ടവരുടെ വീടുകൾക്ക് മുന്നിൽ മോദിയുടെ ചിത്രം സ്ഥാപിക്കാൻ മലയാളികൾ നിർബന്ധിതരല്ലെന്നും, അത്രയും നിർബന്ധമാണെങ്കിൽ അന്വേഷണം നേരിടുന്ന ലീഗ് നേതാക്കളുടെ വീടുകളിലും ‘ചന്ദ്രിക’ പത്രത്തിന്റെ ബോർഡിന് മുകളിലും മോദിയുടെ ചിത്രം സ്ഥാപിക്കട്ടെയെന്നും അദ്ദേഹം പരിഹസിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി.) ഭയന്നാണോ ലീഗ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഇടതുസർക്കാർ മരവിപ്പിച്ച പി.എം. ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാനുള്ള മന്ത്രി ഷംസുദ്ദീന്റെ നീക്കത്തെയും ജലീൽ വിമർശിച്ചു. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ പദ്ധതി ഉപേക്ഷിക്കുമെന്ന് പറഞ്ഞവർ ഇപ്പോൾ അത് നടപ്പാക്കാൻ തയ്യാറാകുന്നത് ബി.ജെ.പി നേതാക്കളുമായുള്ള ഏതെങ്കിലും ധാരണയുടെ ഭാഗമാണോയെന്നും അദ്ദേഹം ചോദിച്ചു.
മദ്യനയവുമായി ബന്ധപ്പെട്ടും മുസ്ലിം ലീഗിന്റെ നിലപാടിനെ ജലീൽ വിമർശിച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തീരുമാനത്തിനെതിരെ ലേഖനമെഴുതുന്നതിന് പകരം ലീഗ് മന്ത്രിമാരോട് രാജിവെക്കാൻ ആവശ്യപ്പെടുകയാണ് പാർട്ടി നേതൃത്വം ചെയ്യേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മോദിയുടെ ചിത്രം, പി.എം. ശ്രീ പദ്ധതി, മദ്യനയം തുടങ്ങിയ വിഷയങ്ങളിൽ ലീഗ് നിലപാട് മാറ്റിയാൽ അതിനെ പ്രതിപക്ഷം ശക്തമായി എതിർക്കുമെന്നും ഖാഇദെമില്ലത്തിന്റെ രാഷ്ട്രീയ പാരമ്പര്യം ലീഗ് നേതൃത്വം ഓർക്കണമെന്നും ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.






