റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ തലശ്ശേരി മണോലി സ്വദേശിയായ സജീം (45), കണ്ണൂർ ചെറുകുന്ന് സ്വദേശി ശ്രീലേഷ് (42) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാത്രി ദഹ്റാൻ–ജുബൈൽ ഹൈവേയിൽ ഖത്വീഫ് സെൻട്രൽ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. റാസ് തനൂറയിൽ നിന്ന് ദമ്മാമിലേക്ക് സഞ്ചരിക്കുകയായിരുന്ന ഇവരുടെ കാറിലേക്ക് മറ്റൊരു വാഹനം ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ നിയന്ത്രണം വിട്ട് നിരവധി തവണ മറിഞ്ഞ് റോഡരികിലെ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സജീം സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ശ്രീലേഷിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൂർണമായും തകർന്ന വാഹനത്തിൽ കുടുങ്ങിയിരുന്ന ഇരുവരെയും ഏറെ പരിശ്രമിച്ചാണ് രക്ഷാപ്രവർത്തകർ പുറത്തെടുത്തത്.
രാത്രി വൈകിയും ഇരുവരും തിരിച്ചെത്താത്തതിനെ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിലാണ് ഖത്വീഫ് പോലീസിൽ നിന്ന് അപകടവിവരം ലഭിച്ചത്. നിലവിൽ ഇരുവരുടെയും മൃതദേഹങ്ങൾ ഖത്വീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മരിച്ച ശ്രീലേഷിന്റെ സഹോദരൻ ശ്രീരാഗ് അഞ്ച് വർഷം മുൻപ് ഇതേ ദിവസമാണ് മരിച്ചത്. അതേ ദിവസത്തിൽ തന്നെ ശ്രീലേഷും മരണപ്പെട്ടത് കുടുംബത്തിന് ഇരട്ടദുരന്തമായി. കുടുംബത്തിന്റെ പ്രധാന ആശ്രയമായിരുന്ന ശ്രീലേഷിന്റെ വേർപാട് ബന്ധുക്കളെ ദുഃഖത്തിലാഴ്ത്തി.
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ശ്രീലേഷിന്റെ മൃതദേഹം നാട്ടിലെത്തിക്കും. സജീമിന്റെ മൃതദേഹം ദമ്മാമിൽ തന്നെ ഖബറടക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ഇതിനായി ബന്ധുക്കളെ സൗദിയിലേക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.






