ന്യൂഡൽഹി: വിദേശത്ത് ഉന്നതപഠനം ലക്ഷ്യമിടുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് നിർണായക അറിയിപ്പുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. രാജ്യത്തെ പാസ്‌പോർട്ട് അപേക്ഷാ ഫീസുകൾ സർക്കാർ പുതുക്കി നിശ്ചയിച്ചു. പുതിയ നിരക്കുകൾ 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും.
പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുന്നവർക്കും നിലവിലുള്ളത് പുതുക്കുന്നവർക്കും തത്കാൽ സേവനം ഉപയോഗിക്കുന്നവർക്കും പുതുക്കിയ ഫീസ് ബാധകമാണ്. വിദേശ സർവകലാശാലകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കുന്ന വിദ്യാർഥികൾ യാത്രാ ബജറ്റ് തയ്യാറാക്കുമ്പോൾ പുതിയ നിരക്കുകൾ കൂടി പരിഗണിക്കണമെന്ന് മന്ത്രാലയം നിർദേശിക്കുന്നു.
18 വയസ്സിന് മുകളിലുള്ളവർക്കുള്ള പുതിയ പാസ്‌പോർട്ട് ഫീസ്
36 പേജുള്ള പാസ്‌പോർട്ട് (സാധാരണ): ₹2,500
36 പേജുള്ള പാസ്‌പോർട്ട് (തത്കാൽ): ₹5,000
60 പേജുള്ള പാസ്‌പോർട്ട് (സാധാരണ): ₹3,500
60 പേജുള്ള പാസ്‌പോർട്ട് (തത്കാൽ): ₹6,000
18 വയസ്സിന് താഴെയുള്ളവർക്കുള്ള ഫീസ്
36 പേജുള്ള പാസ്‌പോർട്ട് (സാധാരണ): ₹1,750
36 പേജുള്ള പാസ്‌പോർട്ട് (തത്കാൽ): ₹4,250
വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ
പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC), സറണ്ടർ സർട്ടിഫിക്കറ്റ്, ഗ്ലോബൽ എൻട്രി പ്രോഗ്രാം വെരിഫിക്കേഷൻ എന്നിവയുടെ ഫീസ് ₹750 ആയി നിശ്ചയിച്ചു.
എട്ട് വയസ്സ് വരെയുള്ള കുട്ടികൾക്കും 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും പുതിയ പാസ്‌പോർട്ട് അപേക്ഷയിൽ 10 ശതമാനം ഫീസ് ഇളവ് ലഭിക്കും. എന്നാൽ പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള അപേക്ഷകൾക്ക് ഈ ഇളവ് ബാധകമല്ല.
വിദേശ സർവകലാശാലകളിലെ പ്രവേശന സമയപരിധി അടുത്തെത്തുന്ന വിദ്യാർഥികൾ അവസാന നിമിഷം തത്കാൽ സേവനത്തെ ആശ്രയിക്കാതെ സാധാരണ അപേക്ഷ മുൻകൂട്ടി സമർപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഇത് അധിക ചെലവും സമയനഷ്ടവും ഒഴിവാക്കാൻ സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി.






