കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം കഠിന തടവും 2.25 ലക്ഷം രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ പോക്സോ പ്രത്യേക കോടതി. സൗത്ത് മാറാടി പാറയിൽ അമീർ (42) എന്നയാളെയാണ് ജില്ലാ പോക്സോ സ്പെഷ്യൽ ജഡ്ജി സമീർ എ. ശിക്ഷിച്ചത്.
2023ൽ പുത്തൻകുരിശ് പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് വിധി. കോലഞ്ചേരി കടമറ്റത്ത് വ്യാജ പേരിൽ സിദ്ധനായി നടിച്ച് ജ്യോതിഷാലയം നടത്തിയിരുന്ന അമീറിനെതിരെയാണ് കേസ്.
പേടി മാറുന്നതിനുള്ള പൂജ നടത്താനെന്ന പേരിൽ രക്ഷിതാക്കൾ പ്രായപൂർത്തിയാകാത്ത കുട്ടിയെ ജ്യോതിഷാലയത്തിൽ എത്തിച്ചപ്പോൾ പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. തുടർന്ന് പുത്തൻകുരിശ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ അമീറിനെ പോലീസ് വാഹന പിന്തുടർച്ചയ്ക്കൊടുവിൽ പിടികൂടുകയായിരുന്നു. പ്രതി വാടകയ്ക്ക് എടുത്ത് പ്രവർത്തിപ്പിച്ചിരുന്ന ജ്യോതിഷാലയത്തിൽ നിന്ന് നിരവധി വിഗ്രഹങ്ങളും പണവും പോലീസ് കണ്ടെടുത്തു.
അന്നത്തെ പുത്തൻകുരിശ് പോലീസ് ഇൻസ്പെക്ടറായിരുന്ന ദിലീഷ് ടി.യാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജമുന പി.ആർ. ഹാജരായി. കെ. സജീവ് (റിട്ട.), മനോജ് കുമാർ, ബിജു ജോൺ, എ.എസ്.ഐമാരായ ചന്ദ്രബോസ്, ജിഷാ മാധവൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. എ.എസ്.ഐ ലേഖ കോടതിയിലെ ലെയ്സൺ ഓഫീസറായിരുന്നു.




