കോഴിക്കോട്: കോഴിക്കോട്ടെ മാവൂർ കൽപ്പള്ളിയിൽ യാതൊരു യാത്രാരേഖകളുമില്ലാതെ അനധികൃതമായി താമസിച്ചിരുന്ന മൂന്ന് ബംഗ്ലാദേശ് സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മാവൂർ പോലീസ് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.
ബംഗ്ലാദേശിലെ കുഷ്തിയ ജില്ല സ്വദേശികളായ മുഹമ്മദ് വുള ഹുസൈൻ (42), മുഹമ്മദ് മഹ്ദി ഹസ്സൻ (28), മുഹമ്മദ് ഹസ്സൻ അലി (27) എന്നിവരാണ് അറസ്റ്റിലായത്. മാവൂർ സബ് ഇൻസ്പെക്ടർ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിങ്കളാഴ്ച കൽപ്പള്ളിയിലെ ഒരു കോട്ടേജിൽ നടത്തിയ പരിശോധനയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
കൽപ്പള്ളി സ്വദേശിയായ മൊയ്തീൻകുട്ടിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഇന്ത്യയിൽ നിയമപരമായി താമസിക്കാൻ ആവശ്യമായ രേഖകളൊന്നും ഇവരുടെ പക്കലില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ മൊബൈൽ ഫോണുകളിൽ നിന്ന് ബംഗ്ലാദേശ് തിരിച്ചറിയൽ കാർഡുകളും കണ്ടെത്തി.
ചോദ്യം ചെയ്യലിൽ ആവശ്യമായ രേഖകളില്ലാതെയാണ് ഇന്ത്യയിലേക്ക് അതിർത്തി കടന്നതെന്ന് ഇവർ സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അനധികൃത അതിർത്തി കടക്കലിനും നിയമവിരുദ്ധമായി രാജ്യത്ത് താമസിച്ചതിനും ബന്ധപ്പെട്ട നിയമപ്രകാരം കേസെടുത്തു.
അറസ്റ്റിലായവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം തുടർനടപടികൾ സ്വീകരിച്ചതായി മാവൂർ പോലീസ് അറിയിച്ചു. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാന രീതിയിൽ അനധികൃത താമസം നടക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.





