കൊല്ലം: രാത്രി ജോലികഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അമ്മയെയും മകളെയും ആക്രമിച്ച സംഭവത്തിൽ സ്ഥിരം കുറ്റവാളികൾ അറസ്റ്റിൽ. ചിതറ മാങ്കോട് സ്വദേശികളായ അനീഷ്, അനീഷിന്റെ സുഹൃത്ത് വിഷ്ണു എന്നിവരെയാണ് ചിതറ പൊലീസ് പിടികൂടിയത്.
പൊലീസ് അറിയിച്ച പ്രകാരം വിഷ്ണുവിനെതിരെ ചിതറ, കടക്കൽ സ്റ്റേഷനുകളിലായി ആറോളം ക്രിമിനൽ കേസുകളും അനീഷിനെതിരെ രണ്ട് കേസുകളും നിലവിലുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. വിജനമായ റോഡിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന അമ്മയെയും മകളെയും തടഞ്ഞുനിർത്തി പ്രതികൾ മർദ്ദിക്കുകയും അതിക്രമിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. മദ്യലഹരിയിലായിരുന്ന പ്രതികൾ അമ്മയുടെ വസ്ത്രം വലിച്ചു കീറിയതായും ആരോപണമുണ്ട്.
അക്രമത്തിനിടെ ഇരുവരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അമ്മയെ പിടികൂടി ആക്രമിച്ചതായും പറയുന്നു. ബഹളം കേട്ട് നാട്ടുകാർ എത്തുമ്പോഴേക്കും പ്രതികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
തുടർന്ന് വിവരം ലഭിച്ച ചിതറ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി പ്രതികളെ ഉടൻ തന്നെ പിടികൂടുകയായിരുന്നു. പരിക്കേറ്റ അമ്മയും മകളും കടക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റുചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




