തിരുവനന്തപുരം: വീര്യംകുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകുന്ന ധനബിൽ പാസാക്കുന്നതിലൂടെ വൻ അഴിമതിക്ക് സർക്കാർ തുടക്കം കുറിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞു. നാടിന് ഏറ്റവും കൂടുതൽ ആപത്ത് വരുത്തുന്ന വിധത്തിൽ മദ്യവ്യാപനത്തിനുള്ള അവസരമാണ് യുഡിഎഫ് സർക്കാർ ഒരുക്കുന്നത്. കേരളത്തിൽ ഇത്രയധികം മദ്യമൊഴുക്കിനുള്ള സാഹചര്യം ഇതേവരെ ഒരു സർക്കാരും ഒരുക്കിയിട്ടില്ലെന്നും പിണറായി പറഞ്ഞു. ധനബില്ലിലെ ചർച്ച ബഹിഷ്കരിച്ച് നിയമസഭയ്ക്ക് പുറത്തിറങ്ങിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ കനത്ത നികുതിയാണ് മദ്യത്തിന് മേൽ ചുമത്തിയിരുന്നത്. എന്നാൽ ഇപ്പോൾ മദ്യനികുതിയിൽ 130 ശതമാനത്തിലധികം ഇളവ് സർക്കാർ വരുത്തി. നികുതിയിളവിന് എന്താണ് ഇത്രയ്ക്ക് ധൃതി? എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ കടുംപിടുത്തം പിടിക്കുന്നത്? ഇത് അതീവഗൗരവമായി നാടിനെ ബാധിക്കുന്ന വിഷയമാണ്. ഏത് സർക്കാരായാലും അതിന് നേതൃത്വം നൽകുന്ന കക്ഷിയോ മുന്നണിയോ ചർച്ചചെയ്ത് വ്യക്തത വരുത്തിയതിന് ശേഷമാണ് ഇത്തരമൊരു തീരുമാനമെടുക്കുക. എന്നാൽ ഇതേവരെ അത്തരമൊരു ചർച്ച യുഡിഎഫോ കോൺഗ്രസോ നടത്തിയിട്ടില്ല. മന്ത്രിസഭപോലും ഇത് ചർച്ചചെയ്തില്ല. എല്ലാവരെയും ഇരുട്ടിൽനിർത്തിക്കൊണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ ഒളിച്ചുകടത്തൽ നടത്തുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ധനബിൽ അവതരിപ്പിച്ചത് മദ്യനികുതിയിളവിന് നിയമപ്രാബല്യം നൽകുക എന്ന ഉദ്ദേശത്തോടെയാണെന്ന് കണ്ടുകൊണ്ടാണ് പ്രതിപക്ഷം ക്രമപ്രശ്നം ഉന്നയിച്ചത്. എന്നാൽ മുട്ടാപോക്ക് നയമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ബിൽ പാസാക്കി കഴിഞ്ഞിട്ട് രാഷ്ട്രീയ തീരുമാനമെടുക്കും എന്ന് പറയുന്നതിൽ ഒരു കാര്യവുമില്ല. നിയമസഭയ്ക്ക് മുകളിൽ എക്സിക്യൂട്ടീവിനെ പ്രതിഷ്ഠിക്കാനുള്ള ശ്രമംകൂടി നടക്കുന്നുണ്ട്. സർക്കാർ നടപടി വലിയതോതിലുള്ള അഴിമതിക്ക് അവസരമൊരുക്കുന്നതാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.






