കൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഡംബര വാഹനങ്ങൾ കടത്തിയെന്ന കേസിൽ നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് ചോദ്യം ചെയ്തു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഇന്നലെ ഏഴുമണിക്കൂറിലേറെയാണ് ചോദ്യം ചെയ്യൽ നടന്നത്.
ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ദുൽഖറിന്റെ നിസ്സാൻ പട്രോൾ, ഡിഫൻഡർ, ലാൻഡ് ക്രൂയിസർ ഉൾപ്പെടെയുള്ള വാഹനങ്ങൾ കസ്റ്റംസ് നേരത്തെ പിടിച്ചെടുത്തിരുന്നു. കളമശ്ശേരിയിലെ ഷോറൂമിൽ നിന്നാണ് നിസ്സാൻ പട്രോൾ പിടിച്ചെടുത്തത്. ‘ലക്കി ഭാസ്കർ’ സിനിമയിൽ ഉപയോഗിച്ച വാഹനമായിരുന്നു ഇത്.
പിടിച്ചെടുത്ത ഡിഫൻഡർ വാഹനം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ദുൽഖർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന്, കസ്റ്റംസ് നിയമത്തിലെ സെക്ഷൻ 110എ പ്രകാരം അന്വേഷണപരിധിയിലുള്ള വാഹനങ്ങൾ വ്യവസ്ഥകൾക്ക് വിധേയമായി ഉടമയ്ക്ക് വിട്ടുനൽകാമെന്നും, വിട്ടുനൽകാൻ കഴിയാത്ത പക്ഷം കാരണം രേഖാമൂലം അറിയിക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നിർദേശിച്ചിരുന്നു.
അതേസമയം, ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ ‘ഓപ്പറേഷൻ നുംഖോർ’ എന്ന പേരിൽ നടത്തിയ അന്വേഷണത്തിൽ മുഖ്യസൂത്രധാരനെന്ന് കരുതുന്ന പശ്ചിമ ബംഗാളിലെ ജയ്ഗാവോൺ സ്വദേശിയായ ബിശ്വദീപ് ദാസ് ഉൾപ്പെടെ അഞ്ച് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. ഭൂട്ടാനിൽ നിന്ന് വിദേശ നിർമിത സെക്കൻഡ് ഹാൻഡ് ആഡംബര വാഹനങ്ങൾ അനധികൃതമായി ഇന്ത്യയിലെത്തിച്ച് വ്യാജ രേഖകൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് വിവിധ സംസ്ഥാനങ്ങളിൽ വിൽപ്പന നടത്തിയെന്നതാണ് കേസിലെ പ്രധാന ആരോപണം. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.













