വീട്ടമ്മമാരുടെ ആത്മാഭിമാനം ഉയർത്തി രാജ്യത്ത് ആദ്യമായി എൽഡിഎഫ് സർക്കാർ നടപ്പാക്കിയ ‘സ്‌ത്രീസുരക്ഷാ പദ്ധതി’ നിർത്തലാക്കാൻ ഒരുങ്ങുകയാണ് യുഡിഫ് സർക്കാർ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ അവതരിപ്പിച്ച പ്രസംഗത്തിൽ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഗുണഭോക്തൃപട്ടികയിലുള്ളവർ അനർഹരാണെന്ന ആക്ഷേപമുയർത്തി കൊണ്ടാണ് അടിയന്തരപ്രമേയ നോട്ടീസിന് മുഖ്യമന്ത്രി മറുപടി നൽകിയത്.
ഏപ്രിൽ, മെയ് മാസങ്ങളിൽ പെൻഷൻ തുക നൽകാതെ ഫയൽ തടഞ്ഞുവച്ചതിന് പിന്നാലെയാണ് പദ്ധതിതന്നെ ഇല്ലാതാക്കുമോ എന്ന ആശങ്കയും ഇപ്പോൾ ഉയർന്നിരിക്കുന്നത്. 2025 ഒക്ടോബർ 29നാണ് അന്നത്തെ മുഖ്യമന്ത്രിയായ പിണറായി വിജയൻ ഈ പദ്ധതി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതിക്കുപുറത്തുള്ള 35–60 പ്രായത്തിലുള്ള 32 ലക്ഷം സ്‌ത്രീകൾക്ക് മാസം 1000 രൂപ വീതം ഈ പദ്ദതിയിലൂടെ നൽകിയിരുന്നത്. പ്രഖ്യാപിക്കുന്നതല്ലാതെ കൊടുക്കില്ല എന്നുപറഞ്ഞ് അന്ന് ആക്ഷേപിച്ചവരാണ് യുഡിഎഫ്. എന്നാൽ, ഫെബ്രുവരി 11ന് പദ്ധതി ഉദ്‌ഘാടനം ചെയ്‌ത് ഒരു മണിക്കൂറിനകം 10,58,700 പേരുടെ ബാങ്ക് അക്കൗണ്ടിൽ തുകയെത്തി. എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ 3720 കോടി രൂപ നീക്കി വെയ്ക്കുകയും ചെയ്തു.
കെഎസ്‌ആർടിസി ബസുകളിലെ സ്‌ത്രീകളുടെ സൗജന്യയാത്രയുടെ ഗർവിൽ തലയുർത്തിനടക്കുന്ന ഭരണനേതൃത്വമാണ് 32 ലക്ഷം സ്‌ത്രീകൾക്ക് ഉപകാരപ്രദമായ സ്‌ത്രീസുരക്ഷാ പദ്ധതി ഇല്ലാതാക്കുവാനായി ശ്രമിക്കുന്നത് എന്ന വിരോധാഭാസമാണ് ശ്രദ്ധേയം. എല്ലാ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്രയെന്ന് വീമ്പിളക്കി ഓർഡിനറി ബസുകളിൽ മാത്രമാക്കി ചുരുക്കിയിരുന്നു സർക്കാർ. മാത്രവുമല്ല കെഎസ്ആർടിസിയുടെ നഷ്ടക്കണക്ക് പറഞ്ഞു സ്ത്രീകളെ അവഹേളിക്കുകയും ചെയ്യുകയാണ് യുഡിഫ് സർക്കാർ.
എൽഡിഎഫ് സർക്കാരാണ് നടപ്പാക്കിയത് എന്ന ഒറ്റക്കാരണത്താൽ സ്‌ത്രീസുരക്ഷാ പദ്ധതിതന്നെ ഇല്ലാതാക്കുന്നതും ഗുണഭോക്താക്കളെ ആക്ഷേപിക്കുന്നതും അനീതിയാണ്. ജനക്ഷേമ പദ്ധതികളെ ഓരോന്നായി ഇല്ലാതാക്കികൊണ്ട് സ്വകാര്യവൽക്കരണവും കോർപറേറ്റുവൽക്കരണവുമാണ് കേരളത്തിൽ നടപ്പിലാക്കാൻ, ജനങ്ങൾ മാറ്റത്തിനായി തിരഞ്ഞെടുത്ത സർക്കാരും മുഖ്യമന്ത്രിയും ചെയ്തുകൊണ്ടിരിക്കുന്നത്.
ഗാർഹിക ജോലിക്ക് മാന്യമായ വേതനം നൽകണമെന്നും അത് സ്‌ത്രീകളുടെ അന്തസ്സ് ഉയർത്താൻ ആവശ്യമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചത് അടുത്തകാലത്താണ്. എന്നാൽ, അതിനുമുൻപ് തന്നെ സാമൂഹികവും സാമ്പത്തികവുമായി സ്ത്രീകളെ ശാക്തീകരിക്കണമെന്ന് ലക്ഷ്യത്തോടെയാണ് അന്ന് എൽഡിഫ് സർക്കാർ ഈ പദ്ധതി നടപ്പാക്കി രാജ്യത്തിനുതന്നെ മാതൃകയായത്. എന്നാൽ, തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരളത്തിലെ സ്ത്രീകളെ പറ്റിക്കാൻ ദൃതി പിടിച്ചു നടപ്പിലാക്കിയ തട്ടിക്കൂട്ട് പദ്ധതിയാണിതെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞിരുന്നത്. സ്ത്രീസുരക്ഷ പെൻഷൻ മുടങ്ങിയ വിഷയം സഭ നിർത്തിവെച്ചു ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യത്തിന് മറുപടി പറയവേയാണ് ഇത്തരത്തിലുള്ള പ്രസ്താവന നടത്തിയത്. നിയമപ്രകാരവും അർഹതയുടെ അടിസ്ഥാനത്തിലുമാണ് അവർക്ക് പെൻഷൻ ലഭിച്ചതെന്ന സത്യം മറച്ചുവച്ച് പാർടി ഓഫീസുകളിൽനിന്നുള്ള ലിസ്റ്റുപ്രകാരമാണ് ആനുകൂല്യം ലഭിച്ചതെന്നും ഇനി അങ്ങനെ കൊടുക്കാൻ കഴിയില്ലെന്നും പറഞ്ഞുകൊണ്ട് സ്‌ത്രീകളെ ആക്ഷേപിക്കുകയും കൂടി ചെയ്തിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ.
ഫെബ്രുവരിയിൽ പ്രഖ്യാപിച്ച പദ്ദതിയിൽ മാർച്ച് ആയപ്പോൾ ഗുണഭോക്താക്കളുടെ എണ്ണം 16,24,091 ആയി. അഞ്ചുലക്ഷം അപേക്ഷകരുണ്ടെങ്കിലും അത് അനുവദിച്ചിട്ടില്ല. ഫെബ്രുവരിയിലും മാർച്ചിലും എൽഡിഎഫ് സർക്കാർ പെൻഷൻ നൽകിയെങ്കിലും ഏപ്രിൽ, മെയ് മാസങ്ങളിലെ പെൻഷൻ നൽകാനുള്ള ഫയൽ യുഡിഎഫ് സർക്കാർ തടഞ്ഞുവച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ കെ സ്‌മാർട്ട് പോർട്ടൽ ഓൺലൈൻ സംവിധാനത്തിലൂടെ സുതാര്യമായാണ് പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത് എന്ന സത്യം മറച്ചുവച്ചാണ് വി ഡി സതീശൻ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാൻ ഒരു സമിതിയും ഉണ്ടായിരുന്നില്ലെന്നും സിപിഐ എം ഓഫീസുകൾ വഴിയാണ് പെൻഷൻ നൽകിയതെന്നുമുള്ള ആക്ഷേപം ഉന്നയിച്ചത്.
അർഹരായ അപേക്ഷകർ ബാങ്ക് അക്കൗണ്ട് വിവരങ്ങളും അനുബന്ധ രേഖകളും കെ സ്‌മാർട്ട് വഴിയാണ് സമർപ്പിച്ചത്. ആധാർ, റേഷൻകാർഡ് വിവരങ്ങൾ, മറ്റ് സാമൂഹ്യസുരക്ഷാ പെൻഷനുകൾ, ട്രഷറി സർവീസ്, മരണ രജിസ്‌ട്രി തുടങ്ങി വിവിധ സർക്കാർ ഡാറ്റാബേസുകളുമായി അപേക്ഷകരുടെ വിവരങ്ങൾ പരിശോധിക്കാനുള്ള ടൂൾ എൻജിൻ വഴിയാണ് അപേക്ഷകൾ പരിശോധിച്ചത്. അതിനുശേഷമാണ് തദ്ദേശഭരണസ്ഥാപനങ്ങൾ അന്തിമമായി അംഗീകരിച്ച ഗുണഭോക്താക്കൾക്കാണ് പെൻഷൻ അനുവദിച്ചതും. ഇൗ വസ്‌തുതകളെല്ലാം സർക്കാരിന്റെ പക്കലുള്ളപ്പോഴാണ് സതീശൻ ഈ നുണ വീണ്ടും വീണ്ടും ആവർത്തിക്കുന്നത്. പാവപ്പെട്ട സ്ത്രീകളോട് എന്തിനാണ് വീറും വാശിയുമെന്ന ചോദ്യത്തിന് അന്ന് മറുപടി ഉണ്ടായിരുന്നില്ല മുഖ്യമന്ത്രിക്ക്. ഇത്തരത്തിൽ ജനക്ഷേമ പദ്ധതികൾ നിർത്തലാക്കാനുള്ള നിലപാട് സർക്കാർ മാറ്റിയില്ലെങ്കിൽ ഇതിനെതിരെ സ്ത്രീശബ്തങ്ങൾ ഉയരും.




