പത്തനംതിട്ട: പത്തനംതിട്ടയിൽ 16 വയസുകാരിയായ മകളെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ 49-കാരനായ പിതാവിനെതിരെ അടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
കൊല്ലം ജില്ലയിലെ ഒരു സ്കൂളിൽ പഠിക്കുന്നതിനിടെ നടന്ന കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡനവിവരം ആദ്യം വെളിപ്പെടുത്തിയത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിങ്ങിലും സമാനമായ മൊഴി നൽകിയതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.
പെൺകുട്ടിയും മാതാപിതാക്കളും വിദേശത്തായിരുന്നു താമസം. അവിടെവെച്ച് അമ്മ അസുഖത്തെ തുടർന്ന് മരിച്ചതിന് പിന്നാലെ, താൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ പിതാവ് ലൈംഗികമായി പീഡിപ്പിക്കാൻ തുടങ്ങിയെന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. പിന്നീട് നാട്ടിലെത്തിയ ശേഷവും പീഡനം തുടർന്നതായും കുട്ടി വെളിപ്പെടുത്തി.
ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാകും പ്രതിയുടെ അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുകയെന്ന് പൊലീസ് അറിയിച്ചു.




