തിരുവനന്തപുരം: സ്വർണപ്പണയ സ്ഥാപനത്തിലെ സാമ്പത്തിക തിരിമറി ആരോപണത്തിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച രണ്ട് യുവതികളിൽ ഒരാൾ മരിച്ചു. വെങ്ങാനൂർ സ്വദേശി അഞ്ജു (28) ആണ് മരിച്ചത്. മറ്റൊരു യുവതി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ജൂൺ 30നാണ് ഇരുവരും എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അഞ്ജുവിനൊപ്പം വിഷം കഴിച്ച യുവതി വീട്ടിലെത്തി വിവരം അറിയിച്ചതിനെ തുടർന്ന് ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അഞ്ജു വിഷം കഴിച്ച വിവരം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഭക്ഷ്യവിഷബാധയാണെന്ന് പറഞ്ഞ് ആശുപത്രിയിൽ ചികിത്സ തേടിയതായും വിവരമുണ്ട്.
വെങ്ങാനൂരിൽ പ്രവർത്തിക്കുന്ന ‘സൂര്യ ഫിനാൻസ്’ എന്ന സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽ ലക്ഷക്കണക്കിന് രൂപയുടെ തിരിമറി നടന്നെന്ന ആരോപണമാണ് സംഭവത്തിന് പിന്നാലെ ഉയർന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക പരാതി പൊലീസിന് ലഭിച്ചിട്ടില്ല.
അഞ്ജുവിന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത വെങ്ങാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥാപനത്തിൽ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടോയെന്നും, മരിച്ച അഞ്ജുവിനും ചികിത്സയിലുള്ള യുവതിക്കും സംഭവവുമായി ബന്ധമുണ്ടോയെന്നും ഉൾപ്പെടെ എല്ലാ വശങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. തിരിമറി നടന്നിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് പൊലീസിൽ പരാതി നൽകിയില്ല എന്നതും അന്വേഷണത്തിന്റെ ഭാഗമാകും.




