സർക്കാർ എന്ത് തൊട്ടാലും വിവാദമാകുന്ന പശ്ചാത്തലത്തിൽ കോണ്‍ഗ്രസിന്റെ നിര്‍ണായക നേതൃയോഗങ്ങള്‍ അടുത്ത ദിവസങ്ങളില്‍ നടന്നേക്കുമെന്ന് റിപ്പോർട്ടുകൾ. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തും. മന്ത്രിസഭയിലെ എതിര്‍പ്പുകളെ മറികടന്ന്, വിവാദ തീരുമാനങ്ങളില്‍ നിയമസഭയില്‍ പിന്തുണ നേടിയ മുഖ്യമന്ത്രി വി ഡി സതീശന്‍, സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ആദ്യത്തെ രാഷ്ട്രീയ പരീക്ഷണം നേരിടാന്‍ ഒരുങ്ങുകയാണ്. നിയമസഭയിലേത് പോലെയാകില്ല പാർട്ടിയേയും ഹൈക്കമാൻഡിനേയും പറഞ്ഞ് മനസിലാക്കാനുള്ള ബുദ്ധിമുട്ടെന്ന് സതീശനും നന്നായി അറിയാം.
മുന്നണി യോഗം വൈകുന്നതിനാൽ വീര്യം കുറഞ്ഞ മദ്യം, ബോർഡ് – കോർപറേഷനുകളുടെ വീതംവയ്പ് തുടങ്ങിയവയിലുള്ള യുഡിഎഫ് തീരുമാനവും നീളുകയാണ്. അതിനൊപ്പം ഓരോ ദിവസവും പുറത്ത് വരുന്ന പുതിയ പുതിയ വിവാദങ്ങളും സർക്കാരിനെ കൂടുതൽ സമ്മർദ്ദിലാക്കുകയും ചെയ്യുന്നുണ്ട്. നിയമസഭാ സമ്മേളനത്തിനു ശേഷം യുഡിഎഫ് ചേരാൻ ധാരണയിലെത്തിയെങ്കിലും തീയതി ഇനിയും നിശ്ചയിച്ചിട്ടില്ല. തിരഞ്ഞെടുപ്പു ഫലം വന്നശേഷം ഒരുതവണ മാത്രമാണു മുന്നണി നേതാക്കൾ ഒന്നിച്ചിരുന്നത്, അതും സത്യപ്രതിജ്ഞയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ! ഇപ്പോൾ അധികാരത്തിലെത്തിയിട്ട് ഒന്നര മാസത്തിന് അടുത്താകുന്നു.
കോണ്‍ഗ്രസ് നേതൃയോഗത്തില്‍ യു ഡി എഫ് സര്‍ക്കാരിന്റെ നിരവധി വിവാദപരമായ നയ തീരുമാനങ്ങള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകുമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് നേതൃയോഗം ചേരുന്നത്. നിരവധി മുതിര്‍ന്ന നേതാക്കള്‍ നയപരമായ കാര്യങ്ങളില്‍ പാര്‍ട്ടിയില്‍ ചര്‍ച്ച വേണമെന്ന് ഹൈക്കമാന്‍ഡിനെ അടക്കം അറിയിച്ചിട്ടുണ്ട്.
പ്രധാനപ്പെട്ട വകുപ്പുകളെല്ലാം കൈയാളുന്ന, തന്റെ അപ്രമാദിത്വത്തിലൂടെയും മിക്കവാറും എല്ലാ യുഡിഎഫ് ഘടകകക്ഷികളുടെയും പിന്തുണയോടെയും എതിര്‍പ്പുകളെ മറികടക്കുന്ന, അധികാരകേന്ദ്രീകൃതനായ ഒരു മുഖ്യമന്ത്രിയാണ് വിഡി സതീശനെന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം. മദ്യനയ വിഷയത്തിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച എക്സൈസ് മന്ത്രി എം ലിജു ഒരു ഉദാഹരണം. കെ. കരുണാകരന്‍ യുഗം നാം കണ്ടതാണ്. എന്നാല്‍, അക്കാലത്ത് ‘എ’ ഗ്രൂപ്പ് വഴിയോ അല്ലെങ്കില്‍ ശക്തനായ ഒരു കെപിസിസി പ്രസിഡന്റ് വഴിയോ അദ്ദേഹത്തിന്റെ അധികാരത്തിന്മേല്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തേത് തികച്ചും വ്യത്യസ്തമായ ഒരു സാഹചര്യമാണ് എന്നാണ് ഒരു കോൺഗ്രസ് നേതാവ് തന്നെ തുറന്ന് പറഞ്ഞത്.
അധികാരമേറ്റ് മാസങ്ങള്‍ക്കുള്ളില്‍, വിഡി സതീശന്‍ സര്‍ക്കാര്‍ നിരവധി വിവാദങ്ങളില്‍ അകപ്പെട്ടു. ഇതില്‍ നാലെണ്ണം സര്‍ക്കാര്‍ തീരുമാനങ്ങളില്‍ നിന്നാണ് ഉണ്ടായത് – ദേവസ്വം വകുപ്പിലെ ഗവണ്‍മെന്റ് പ്ലീഡറുടെ നിയമനം, PM SHRI പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനം, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കല്‍ എന്നിവ. വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ടതാണ് ഏറ്റവും ഒടുവിലത്തെ വിവാദം. പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള ഏകോപനമില്ലായ്മയെക്കുറിച്ച് കോണ്‍ഗ്രസിനുള്ളില്‍ വിമര്‍ശനം വര്‍ദ്ധിച്ചുവരികയാണ്.
ഇതിൽ മദ്യവുമായി ബന്ധപ്പെട്ട് എൽഡിഎഫ് സർക്കാർ സ്വീകരിച്ച നടപടികൾ അക്കമിട്ടുനിരത്തി മുഖ്യമന്ത്രി നടത്തുന്ന പ്രത്യാക്രമണം ഫലപ്രദമെന്നാണു മുന്നണിയുടെ വിലയിരുത്തൽ. പക്ഷേ മറ്റ് ആരോപണങ്ങളിൽ മുഖ്യമന്ത്രി നല്ല രീതിയിൽ തന്നെ പ്രതിരോധത്തിലായിട്ടുമുണ്ട്. മദ്യം, അഭിഭാഷകരുടെ നിയമനം, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ, വിഴിഞ്ഞം തുറമുഖം എന്നീ വിഷയങ്ങളിൽ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ കോൺഗ്രസിനുള്ളിൽ നിന്നു തന്നെ ശ്രമം നടക്കുന്നതായി പാർട്ടിയിൽ ചിലർ കരുതുന്നു. കെസി വേണുഗോപാലിന്റെ താക്കീതുകൾ ഹൈക്കമാൻഡിന്റെ തന്നെ താക്കീതുകളായി വേണം കണക്കാക്കാൻ. മുഖ്യമന്ത്രിപ്പോരിൽ കൈപൊള്ളിയ കെസി ആ കണക്ക് കർക്കശ നിലപാടുകളിലൂടെ തീർക്കാൻ തീരുമാനിച്ചാൽ വിഡി സതീശൻ അക്ഷരാർത്ഥത്തിൽ വിയർക്കുമെന്ന് വ്യക്തം.
കെപിസിസിക്ക് ഒരു നാഥനില്ല എന്നത് തന്നെയാണ് പ്രധാന ന്യൂനതയായി കണക്കാക്കുന്നത്. സാങ്കേതികമായി സണ്ണി ജോസഫ് അധ്യക്ഷനാണെങ്കിലും തത്വത്തിൽ ആ കസേര ഒഴിഞ്ഞ് തന്നെ കിടക്കുകയാണ്. സണ്ണി ജോസഫ് മന്ത്രിസഭയില്‍ അംഗമാണെങ്കിലും, പ്രധാന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ നയപരമായ നിലപാടുകള്‍ സംരക്ഷിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടുവെന്ന് പാര്‍ട്ടി നേതാക്കള്‍ ആരോപിക്കുന്നു. സര്‍ക്കാരിനും പാര്‍ട്ടിക്കും ഇടയില്‍ ഏകോപന സമിതി രൂപീകരിക്കുക എന്നത് നേതൃയോഗത്തിലെ പ്രധാന അജണ്ടകളിലൊന്നായിരിക്കും. പതിവ് പോലെ, ആരോപണങ്ങൾ വരുമ്പോൾ പക്ഷങ്ങളായി ചേരിതിരിയുന്ന ശീലം ഇത്തവണയും കോൺഗ്രസ് നേതാക്കൾ കൈവിട്ടിട്ടില്ല. അതിനൊപ്പം യുഡിഎഫിനെ പരമ്പരാഗതമായി പിന്തുണച്ചു വരുന്ന ചില വിഭാഗങ്ങള്‍ക്കിടയിലും അസ്വസ്ഥത പടര്‍ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍, പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ നിലപാട് തന്നെയാകും നിർണായകം. എത്രയും വേഗത്തിലൊരു കെപിസിസി പ്രസിഡന്റ് എന്നത് സർക്കാർ തന്നെ വീഴാതിരിക്കാൻ അനിവാര്യമാണെന്ന സ്ഥിതിയാണുള്ളത്.
സർക്കാരുമായി ബന്ധപ്പെട്ട് നിൽക്കുന്ന പലരുടേയും സംഘപരിവാർ ബന്ധമാണ് അടുത്ത വിഷയം. സംഘപരിവാറുമായി ബന്ധമുണ്ടെന്ന് വിമര്‍ശകര്‍ ആരോപിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തിലും, നിര്‍ദ്ദിഷ്ട അദാനി-എംഎസ്സി ഓഹരി കൈമാറ്റ വിഷയം മുഖ്യമന്ത്രി കൈകാര്യം ചെയ്തതിലും ഹൈക്കമാന്‍ഡ് ഇതിനകം തന്നെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനത്തെ സര്‍ക്കാര്‍ പ്രതിരോധിച്ചതിലും ഹൈക്കമാന്‍ഡ് അതൃപ്തരാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ തീരുമാനങ്ങളില്‍ ഏതെങ്കിലും പുനഃപരിശോധിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ബന്ധിക്കുകയോ അല്ലെങ്കില്‍ തിരുത്തലുകള്‍ വരുത്തുകയോ ചെയ്താല്‍, അത് മുഖ്യമന്ത്രി വി ഡി സതീശന് വലിയ തിരിച്ചടിയായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.




