ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിലെ കാണിക്ക മോഷ്ടിച്ച കേസിൽ പ്രതിയുടെ മൊഴി പുറത്ത്. ഭക്തർ സമർപ്പിച്ച പണം കുടുംബത്തിനും സുഹൃത്തുക്കൾക്കും കാമുകിക്കുമായി ചെലവഴിച്ചതായി പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കേസിൽ പ്രതിയായ കൗണ്ടിങ് സ്റ്റാഫ് അംഗം അവിനാഷ് ശുക്ല ഏകദേശം 20 ലക്ഷം രൂപ മോഷ്ടിച്ചതായാണ് പൊലീസ് പറയുന്നത്. ഇതിൽ 19 ലക്ഷം രൂപ വിവിധ ആവശ്യങ്ങൾക്കായി ചെലവഴിച്ചതായും ഇയാൾ സമ്മതിച്ചു.
സഹോദരന്റെ വിവാഹത്തിനായി 6 ലക്ഷം രൂപയും മറ്റൊരു സഹോദരന് 5 മുതൽ 6 ലക്ഷം രൂപയും നൽകിയതായി പ്രതി മൊഴി നൽകി. കൂടാതെ, കാമുകിക്ക് വിലകൂടിയ ഐഫോൺ വാങ്ങി നൽകുകയും 2.5 ലക്ഷം രൂപ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചതായും ഇയാൾ വെളിപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും മറ്റ് ആസ്തികളും കേന്ദ്രീകരിച്ച് പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.




