കൽപ്പറ്റ: വയനാട് മേപ്പാടി തുരങ്കപാത നിർമാണ സ്ഥലത്ത് മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് രേഖകൾ. അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് അപകടത്തിന് കാരണമാകാമെന്നും മഴക്കാലത്ത് മണ്ണിടിച്ചിലിനും ചരിവ് തകരുന്നതിനും സാധ്യതയുണ്ടെന്നും വകുപ്പ് നിർദേശിച്ചിരുന്നതായി ജൂൺ 25-ന് നടന്ന അവലോകന യോഗത്തിന്റെ മിനിറ്റ്സിൽ വ്യക്തമാക്കുന്നു.
പദ്ധതി പ്രദേശത്ത് കൂട്ടിയിട്ട മണ്ണ് മഴക്കാലത്ത് സോയിൽ പൈപ്പിങ്, സ്ലോപ്പ് സ്റ്റബിലിറ്റി പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അപകടം ഒഴിവാക്കാൻ അടിയന്തര മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും പൊതുമരാമത്ത് വകുപ്പ് നിർദേശിച്ചിരുന്നു. എന്നാൽ ഈ നിർദേശങ്ങൾ പാലിക്കപ്പെട്ടില്ലെന്നാണ് സൂചന.
മണ്ണിടിച്ചിലിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി ടി. സിദ്ദിഖും അപകടത്തിന് കാരണം തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണാണെന്ന് പ്രതികരിച്ചു. മുൻകൂട്ടി മണ്ണ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും, ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി മാനേജരും ജൂൺ 20-ന് തന്നെ ഇതുസംബന്ധിച്ച് ഉത്തരവിറക്കിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് മന്ത്രിയും കരാറുകാരോട് മണ്ണ് നീക്കം ചെയ്യാൻ നിർദേശം നൽകിയിരുന്നെങ്കിലും അത് പാലിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ശക്തമായ മഴയും ചെളി കലർന്ന മണ്ണിന്റെ പ്രത്യേക ഘടനയും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചെറിയ മഴയുണ്ടായാലും അപകടസാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അവലോകന യോഗത്തിൽ തന്നെ നൽകിയിരുന്നുവെന്ന് മന്ത്രി ടി. സിദ്ദിഖും പറഞ്ഞു. നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും, ഇതുസംബന്ധിച്ച സാഹചര്യം സർക്കാർ വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണ് അപകടകാരണമെന്ന ആരോപണം നിർമാണ കമ്പനി തള്ളി.
ഇന്ന് രാവിലെ 10.30ഓടെയാണ് മേപ്പാടിയിൽ തുരങ്കപാത നിർമാണ സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായത്. നിർമാണ പ്രവർത്തനങ്ങൾക്കിടെ മണ്ണ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ഔദ്യോഗിക വിവരങ്ങൾ പ്രകാരം രണ്ട് പേർ മരിക്കുകയും ഏഴ് പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്.
മേപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്ക് പോകുന്ന പ്രധാന റോഡിലാണ് അപകടമുണ്ടായത്. സ്ഥലത്ത് ഫയർഫോഴ്‌സ്, പൊലീസ്, ദുരന്തനിവാരണ സേന എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. വയനാട്, കോഴിക്കോട്, തൃശൂർ ജില്ലകളിൽ നിന്നുള്ള മൂന്ന് എൻഡിആർഎഫ് ടീമുകളെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഓരോ ടീമിലും 34 അംഗങ്ങളാണുള്ളത്. കാലവർഷത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതലിന്റെ ഭാഗമായി എൻഡിആർഎഫ് സംഘങ്ങളെ നേരത്തേ തന്നെ വിവിധ ജില്ലകളിൽ സജ്ജമാക്കിയിരുന്നു.




