വയനാട്: വയനാട് കള്ളാടിയിൽ നാല് അതിഥി തൊഴിലാളികളുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിലിന്റെ നടുക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. അപകടമുണ്ടായ നിമിഷം അഞ്ച് പേർ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ഇന്ന് രാവിലെ കള്ളാടി മീനാക്ഷി പാലത്തിന് സമീപം, വയനാട്–കള്ളാടി തുരങ്കപാതയുടെ നിർമാണ സ്ഥലത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. തുരങ്ക നിർമാണത്തിനായി മാറ്റിയിട്ടിരുന്ന മണ്ണ് നിരങ്ങിവന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. കുന്നിൻഭാഗം ഇടിഞ്ഞുവീണ് നിർമാണ മേഖല മുഴുവൻ മണ്ണിനടിയിലായി.
അപകടത്തിൽ നാല് അതിഥി തൊഴിലാളികൾ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഒമ്പത് പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആറുപേരെ കാണാതായതിനെ തുടർന്ന് മണ്ണിനടിയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ടെന്നാണ് ആശങ്ക. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
തൊഴിലാളികളുമായി എത്തിയ രണ്ട് ബസുകളും മണ്ണിനടിയിൽപ്പെട്ടതായി അധികൃതർ അറിയിച്ചു. തുരങ്കപാത നിർമാണത്തിന്റെ ഭാഗമായി നിർമ്മിച്ചിരുന്ന കോൺക്രീറ്റ് മതിലും ഇടിഞ്ഞുവീണിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിതീവ്ര മഴ പ്രദേശത്തെ മണ്ണിന്റെ ദുർബലാവസ്ഥയ്ക്ക് കാരണമായിരിക്കാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിന്റെ പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ മന്ത്രിമാർ ഉടൻ വയനാട്ടിലെത്തണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി.
ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ പേരുവിവരങ്ങൾ:
- ഹിര കുമാർ
- ദിലീപ്
- സൂരജ് യാദവ്
- സഞ്‌ജയ് താക്കൂർ
- രജനീഷ്
- തന്മയ് ഘോഷ്
- കൂപമാൽ
- കുഞ്ചു
- സന്തോഷ് കുമാർ













