പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന നിസാം ബഷീറിന്റെ പുതിയ ചിത്രം ‘ഐ, നോബഡി’യുടെ മുൻകൂർ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. വ്യാഴാഴ്ച തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചു.
നിരൂപക-പ്രേക്ഷക പ്രശംസ നേടിയ ‘റോഷാക്ക്’ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽതാഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെ.യു, ഇർഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രൻ, ആൽബിൻ അലക്സ്, ജിതിൻ മദനൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്സ്പെരിമെന്റ്സിന്റെയും ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്ന ചിത്രത്തിൽ എട്ട് ഗാനങ്ങളാണുള്ളത്. ഇതിനകം പുറത്തിറങ്ങിയ ‘ആന്തം ഓഫ് നോബഡി’ എന്ന ഗാനം ശ്രദ്ധ നേടിയിട്ടുണ്ട്.
ബാങ്ക് കവർച്ചയെ ആസ്പദമാക്കിയ ത്രില്ലർ ചിത്രമായാണ് ‘ഐ, നോബഡി’ ഒരുങ്ങുന്നത്. ‘റോഷാക്ക്’, ‘ഇബിലീസ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം സമീർ അബ്ദുൽ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ‘എന്ന് നിന്റെ മൊയ്തീൻ’, ‘കൂടെ’ എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
മലയാള സിനിമയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള ദൃശ്യാവിഷ്കാരവും ആവേശകരമായ ആക്ഷൻ രംഗങ്ങളും കാർ പിന്തുടരൽ രംഗങ്ങളും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളായിരിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.




