മസ്‌കറ്റ്: ഒമാൻ തീരത്തിന് സമീപം ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന ഇന്ധന ടാങ്കർ കപ്പലിന് നേരെ ആക്രമണം. മിസൈൽ പോലുള്ള പ്രൊജക്‌റ്റൈൽ കപ്പലിൽ പതിച്ചതിനെ തുടർന്ന് തീപിടിത്തം ഉണ്ടായി. ബ്രിട്ടീഷ് സൈന്യത്തിന്റെ കീഴിലുള്ള യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസാണ് ഇക്കാര്യം അറിയിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ ഒമാനിലെ ലിമയ്ക്ക് സമീപമാണ് സംഭവം. ഹോർമുസ് കടലിടുക്കിൽ നിന്ന് തെക്കോട്ട് ഗൾഫ് ഓഫ് ഒമാനിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് കപ്പലിന്റെ ഇടതുഭാഗത്ത് പ്രൊജക്‌റ്റൈൽ പതിച്ചതെന്നാണ് പ്രാഥമിക വിവരം.
ആക്രമണത്തിൽ കപ്പലിന് കാര്യമായ കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമോ പരിസ്ഥിതി മലിനീകരണമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അധികൃതർ വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് ബന്ധപ്പെട്ട ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ആരാണെന്നതിനെക്കുറിച്ചോ ഉപയോഗിച്ച ആയുധത്തിന്റെ സ്വഭാവത്തെക്കുറിച്ചോ ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
ആഗോള കപ്പൽഗതാഗതത്തിന് അതീവ പ്രാധാന്യമുള്ള ഹോർമുസ് കടലിടുക്കിൽ ഉണ്ടായ സംഭവം മേഖലയിലെ സുരക്ഷാ ആശങ്കകൾ വീണ്ടും ഉയർത്തിയിരിക്കുകയാണ്.




