പാലക്കാട്: കെഎസ്ആർടിസി പ്രിയദർശിനി ബസിൽ നിന്ന് തെറിച്ചുവീണ് കണ്ടക്ടർക്ക് പരിക്കേറ്റു. പാലക്കാട് ആലത്തൂർ വാനൂർ സ്വദേശി മുഹമ്മദിനാണ് അപകടത്തിൽ പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ ഒറ്റപ്പാലം–വടക്കഞ്ചേരി–പാണ്ടാംകോട് റൂട്ടിൽ സർവീസ് നടത്തിയിരുന്ന ബസിലാണ് സംഭവം.
ബസ് ആയക്കാട് മന്നത്ത് എത്തിയപ്പോൾ ഡോർ അപ്രതീക്ഷിതമായി തുറക്കുകയും കണ്ടക്ടറായ മുഹമ്മദ് റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. അപകടസമയത്ത് ബസിൽ 130-ലധികം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം.
യാത്രക്കാരുടെ മൊഴിപ്രകാരം, തിരക്ക് കൂടുതലായതിനാൽ ആയക്കാട് ബസ് സ്റ്റോപ്പിൽ വാഹനം നിർത്തിയിരുന്നില്ല. സ്റ്റോപ്പിൽ നിന്ന് ഏകദേശം 20 അടി മുന്നിലെത്തിയപ്പോഴാണ് മുഹമ്മദ് താഴെ വീണത്. തൊട്ടുമുമ്പുള്ള പുളിങ്കുട്ടം ബസ് സ്റ്റോപ്പിൽ നിന്ന് മുൻവശത്തെ ഡോറിലൂടെ ഇറങ്ങിയ മുഹമ്മദ് പിന്നീട് പിൻവശത്തെ ഡോറിലൂടെ ബസിൽ കയറി ഡോർ അടച്ചിരുന്നുവെന്നും യാത്രക്കാർ പറയുന്നു.
പരിക്കേറ്റ മുഹമ്മദിനെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരുടെ തിരക്കിനിടെ ഡോർ അറിയാതെ തുറന്നതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കെഎസ്ആർടിസി അന്വേഷണം ആരംഭിച്ചു.


