വയനാട്: കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിന് കാരണം വനംവകുപ്പിന്റെ ഭൂമിയിൽ നിന്നുണ്ടായ മണ്ണിടിച്ചിലാണെന്ന് കരാർ കമ്പനി അധികൃതർ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ നേരത്തെ തന്നെ ഒരുക്കിയിരുന്നുവെന്നും കമ്പനി വ്യക്തമാക്കി.
ടണലിന്റെ പ്രവേശന കവാടവും പി.ഡബ്ല്യു.ഡി ഭൂമിയും പൂർണമായും സുരക്ഷിതമാക്കിയിരുന്നുവെന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം. മണ്ണിടിച്ചിൽ തടയുന്നതിനായി നെയ്‌ലിങ്, ഷോട്ട് ക്രീറ്റിങ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരുന്നുവെന്നും അവർ പറഞ്ഞു.
അപകടത്തിന് മുമ്പുള്ള ചിത്രങ്ങൾ പരിശോധിച്ചാൽ പി.ഡബ്ല്യു.ഡി ഭൂമിയിൽ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാകുമെന്നും കമ്പനി അവകാശപ്പെട്ടു. മണ്ണിടിച്ചിൽ ആരംഭിച്ചത് പി.ഡബ്ല്യു.ഡി ഭൂമിയുടെ അതിർത്തിക്ക് പുറത്തുള്ള വനംവകുപ്പ് സ്ഥലത്തുനിന്നാണെന്നാണ് അവരുടെ പ്രധാന വാദം.
വനംവകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് ഇടപെടാനോ നിർമാണ പ്രവർത്തനങ്ങൾ നടത്താനോ തങ്ങൾക്ക് അധികാരമില്ലെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. നിർമാണ സ്ഥലത്ത് നിന്ന് ഏകദേശം 10 മുതൽ 12 മീറ്റർ അകലെയുള്ള ഭാഗത്തുനിന്നാണ് മണ്ണിടിച്ചിൽ ആരംഭിച്ചതെന്നും അവർ പറഞ്ഞു.
നിർമാണ സ്ഥലത്ത് മണ്ണ് നീക്കം ചെയ്യാതെ കൂട്ടിയിട്ടതാണ് അപകടത്തിന് കാരണമെന്ന ആരോപണം കമ്പനി നിഷേധിച്ചു. വനമേഖലയിലെ സ്വാഭാവിക കാരണങ്ങളാലാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്നാണ് കമ്പനിയുടെ നിലപാട്. സംഭവത്തിന്റെ സാങ്കേതിക വിവരങ്ങൾ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിശദീകരിക്കുമെന്നും അധികൃതർ അറിയിച്ചു.




