ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലെ ഒമാനി ഇടനാഴിയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച ഇന്ത്യൻ എണ്ണക്കപ്പൽ ഇറാൻ തിരിച്ചയച്ചതായി റിപ്പോർട്ട്. ഒമാൻ തീരത്തുകൂടിയുള്ള താൽക്കാലിക സമുദ്ര പാത ഉപയോഗിച്ച കപ്പലിനെയാണ് ഇറാൻ തിരിച്ചയച്ചത്.
ഇറാൻ നിർദേശിച്ച ഷിപ്പിംഗ് പാതയിലൂടെ യാത്ര തുടരണമെന്ന് കപ്പലിന് നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ഒമാനി ഇടനാഴി ഉപയോഗിക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്ക് ഇറാൻ റേഡിയോ വഴി മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും അറിയുന്നു. സംഭവത്തിൽ ഇന്ത്യൻ അധികൃതരുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
ഗൾഫ് മേഖലയിലെ സംഘർഷത്തെ തുടർന്ന് കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ സുരക്ഷിതമായി മാറ്റുന്നതിനായി ഒമാനും ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷനും ചേർന്ന് ജൂൺ 24-ന് താൽക്കാലിക സമുദ്ര ഇടനാഴി പ്രഖ്യാപിച്ചിരുന്നു. അമേരിക്കയുടെ മേൽനോട്ടത്തിൽ ഈ പാത പ്രവർത്തിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ മേഖലയിലെ സംഘർഷം വീണ്ടും രൂക്ഷമായതോടെ ഹോർമുസ് കടലിടുക്കിലൂടെ കടന്ന കപ്പലുകൾ ഇറാൻ നിർദേശിച്ച പാതയാണ് ഉപയോഗിച്ചതെന്ന് കപ്പൽ ട്രാക്കിംഗ് വിവരങ്ങൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളുമായി ബന്ധപ്പെട്ട മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെ അമേരിക്ക ഇറാനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇറാനുമായുള്ള ചില ധാരണകൾ അവസാനിപ്പിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതായും റിപ്പോർട്ടുകളുണ്ട്.


