കോഴിക്കോട്: ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന് അറിയിച്ച ഭാര്യയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്. ഭാര്യയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാനെത്തിയ ഭർത്താവിന്റെ മൊഴിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതിയെ ജീവനോടെ കണ്ടെത്തിയത്. പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ യുവതിയുടെ ജീവൻ രക്ഷിക്കാനായി. കോഴിക്കോട് വെള്ളയിലാണ് സംഭവം.
വെള്ളയിൽ സ്വദേശി സക്കീറാണ് ഭാര്യയെ കൊലപ്പെടുത്തിയെന്ന് അറിയിച്ച് പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഭാര്യയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു ഇയാളുടെ മൊഴി. തുടർന്ന് പൊലീസ് സംഘം ഉടൻ തന്നെ സക്കീറിന്റെ വീട്ടിലെത്തി പരിശോധന നടത്തി.
വീട്ടിലെത്തിയ പൊലീസ് ബന്ധുക്കളുടെയും അയൽവാസികളുടെയും സഹായത്തോടെ നടത്തിയ പരിശോധനയിലാണ് യുവതിക്ക് ജീവന്റെ തുടിപ്പുണ്ടെന്ന് കണ്ടെത്തിയത്. അബോധാവസ്ഥയിലായിരുന്ന യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി.
കുടുംബവഴക്കിനിടെയുണ്ടായ പ്രകോപനത്തിലാണ് സക്കീർ ഭാര്യയുടെ കഴുത്ത് ഞെരിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഭാര്യ മരിച്ചെന്ന് കരുതിയാണ് ഇയാൾ സ്റ്റേഷനിലെത്തി കീഴടങ്ങാൻ ശ്രമിച്ചത്.
സംഭവത്തിൽ വധശ്രമത്തിന് പൊലീസ് കേസെടുത്തു. മത്സ്യത്തൊഴിലാളിയായ സക്കീറിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


