Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മേയറുടെ ഭാവനയിലെ മാലിന്യം കൊണ്ടിടുന്ന സിപിഎമ്മുകാർ… ആരോപണം ഭരണപരാജയം മറയ്ക്കാനോ? തിരുവനന്തപുരത്തിന് വേണ്ടത് ഇതല്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബിജെപി ചരിത്ര വിജയം പിടിച്ചതിന് പിന്നാലെ കഴിഞ്ഞ കുറച്ച് നാളുകളായി വാർത്തകളിൽ സ്ഥിരം നിറഞ്ഞുനിൽക്കുകയാണ് തിരുവനന്തപുരം ന​ഗരസഭ. പൊങ്കാല മുതൽ കൗൺസിലർ സു​ഗതന്റെ അറസ്റ്റിന് പിന്നാലെയുണ്ടായ സംഘർഷ നാടകങ്ങൾ വരെ അക്കൂട്ടത്തിലുണ്ട്. ഇതിൽ ഇപ്പോഴും ന​ഗരസഭയ്ക്ക് പരിഹാരം കാണാനാകാത്ത വിഷയങ്ങളിലൊന്നായ തിരുവനന്തപുരത്തെ മാലിന്യപ്രശ്‌നത്തിൽ ഒരു വിചിത്ര വാദവുമായി എത്തിയിരിക്കുകയാണ് മേയർ വിവി രാജേഷ്. പ്രതീക്ഷിച്ച പോലെ പഴി സിപിഎമ്മിന് തന്നെ. ന​ഗരത്തിൽ മാലിന്യം വലിച്ചെറിയുന്നത് സിപിഐഎം പ്രവർത്തകരാണെന്നാണ് മേയർ പറയുന്നത്. കുറച്ച് നാൾ മുമ്പ് ഒറ്റ മഴയിൽ ന​ഗരം മുങ്ങിയപ്പോൾ, അതിന് കാരണമായ വെള്ളം വന്നത് കോർപറേഷന്റെ കയ്യിലില്ലാത്ത ഓടകളിലാണെന്ന് മേയർ പറഞ്ഞിരുന്നു. പക്ഷേ ഇത്തവണ അതിനേയും കടത്തിവെട്ടിയിരിക്കുകയാണ്. മാലിന്യം എറിയുന്നതിൽ ഒരു മുൻ മന്ത്രിക്കും പങ്കുണ്ടെന്നും വിവി രാജേഷ് ആരോപിക്കുന്നു. എന്നാൽ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചാൽ ഭരണപരാജയം മറക്കാൻ ആകില്ലെന്ന് തിരിച്ചടിച്ചിരിക്കുകയാണ് വി ശിവൻകുട്ടി. ഇനി, മേയർ പറഞ്ഞ ആ മുൻ മന്ത്രി ശിവൻകുട്ടിയായിരിക്കുമോ എന്ന് ചോദിക്കരുത്.

തലസ്ഥാനത്തെ നിലവിലുള്ള മാലിന്യസംസ്കരണ പദ്ധതി പര്യാപ്തമല്ലെന്ന കാര്യം മേയർ സമ്മതിക്കുന്നുണ്ട്. ആറു മാസം കഴിഞ്ഞിട്ടും കോർപറേഷൻ ഭരണത്തിനെതിരെ കാതലായ ഒരു വിമർശനവും ഉന്നയിക്കാൻ പ്രതിപക്ഷത്തിനു കഴിയാത്തത് കൊണ്ട് മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നാണ് അദ്ദേഹം പറയുന്നത്. മേയറുടെ ഭാവനയിൽ സിപിഎമ്മുകാർ കൂട്ടമായി വന്ന് മാലിന്യം വലിച്ചെറിയുകയാണ്.

വെറുതെയങ്ങ് പറയുകയല്ല, തെളിവുമുണ്ട് മേയറുടെ കയ്യിൽ. കഴിഞ്ഞ ദിവസം ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളാൻ ശ്രമിച്ചത് സിപിഎം പ്രവർത്തകൻ ഷമീർ ആണെന്നും ഇത് തടയാൻ ശ്രമിച്ച നഗരസഭാ ജീവനക്കാരെ ആക്രമിച്ചുവെന്നും വി വി രാജേഷ് ആരോപിക്കുന്നു.
നഗരത്തെ മനഃപൂർവം മലിനമാക്കി ഭരണസംവിധാനത്തെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമമാണ് നടന്നതെന്നും മേയർ ചൂണ്ടിക്കാട്ടി. നഗരത്തിൽ നിന്ന് അനധികൃതമായി ശേഖരിക്കുന്ന മാലിന്യങ്ങൾ ജലാശയങ്ങളിലേക്ക് തള്ളുന്ന വൻ ശൃംഖലയിലെ പ്രധാനിയാണ് പിടിയിലായ ഷമീർ. ഇയാൾക്ക് സിപിഎം നേതൃത്വവുമായി അടുത്ത ബന്ധമുണ്ടെന്നും ഇയാൾക്കൊപ്പം സിപിഎമ്മിന്റെ ചാല ഏരിയാ സെക്രട്ടറി സുന്ദർ നിൽക്കുന്ന ചിത്രങ്ങളുണ്ടെന്നും മേയർ പറയുന്നു. പിടിയിലായ ഷമീർ അനധികൃതമായി മാലിന്യം ശേഖരിച്ച് നഗരത്തിലെ വിവിധ സ്ഥലങ്ങളിലും ജലാശയങ്ങളിലുമായി തള്ളിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്രേ! അടിസ്ഥാന രഹിത ആരോപണം ഉന്നയിക്കുമ്പോഴും നഗരത്തിൽ ഗുരുതര മാലിന്യപ്രശ്‌നം ഉണ്ടെന്ന് മേയർ വിവി രാജേഷ് സമ്മതിക്കുന്നുണ്ട്.

മേയറുടെ അഭിപ്രായത്തിൽ ഇതൊരു വലിയ ശൃംഖലയാണ്. പക്ഷേ ഇങ്ങനെ തന്നെയാണോ തിരുവനന്തപുരത്തെ കാര്യങ്ങൾ? ബിജെപിയുടെ ആറുമാസത്തെ നഗരഭരണത്തിൽ തലസ്ഥാനം മാലിന്യം കെണ്ടുനിറഞ്ഞെന്ന വാദത്തിൽ തന്നെയാണ് പ്രതിപക്ഷം. ഒറ്റ മഴയിൽ ന​ഗരം വെള്ളത്തിൽ മുങ്ങിയപ്പോൾ തന്നെ ന​ഗരത്തിലെ സീവേജ് സിസ്റ്റത്തിന്റെ കാര്യക്ഷമത ചോദ്യം ചെയ്യപ്പെടുന്നുണ്ട്. തെരുവ് നായ പ്രശ്നും കുടിവെള്ള പ്രശ്നവു ഉൾപ്പെടെ ന​ഗരത്തിൽ രൂക്ഷമായിരിക്കുകയാണ്. ഈ വിഷയങ്ങളിലെല്ലാം ജനരോഷം ശക്തമായതോടെയാണ് നേരത്തെ പറഞ്ഞ ആരോപണവുമായി മേയർ രം​ഗത്തെത്തിയത്.

തങ്ങളുടെ ഭരണത്തിൻ്റെ പോരായ്മ മറക്കാനാണ് നിരന്തരം മേയർ മറ്റുള്ളവരുടെ മേൽ പഴിചാരുന്നതെന്നും നഗരത്തിൽ മാലിന്യം നിറയുമ്പോൾ നഴ്‌സറി കുട്ടികൾ പോലും പറയാത്ത ആരോപണിതെന്നും മുൻ മേയർ കൂടിയായ വി ശിവൻകുട്ടി പരിഹസിച്ചു. ഒപ്പം കൗൺസിലർ സു​ഗതന്റെ അറസ്റ്റിന്റെ പേരിൽ നടന്ന നാടകങ്ങൾ ഒന്ന് മറയ്ക്കാനും ഭരണസമിതിക്ക് ഇത്തരം വിഷയങ്ങളെ കൂട്ടുപിടിക്കേണ്ടതായിട്ടുണ്ട്. കാലൊടിഞ്ഞ് കിടക്കുന്നത് കൊണ്ട് മേയർക്ക് ഇഷ്ടംപോലെ സമയവുമുണ്ട്.

എന്നാൽ കുറച്ച് കണക്കുകളിലേക്ക് വന്നാൽ, തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് കഴിഞ്ഞ നാല് വർഷത്തിനിടെ നീക്കം ചെയ്തത് 1,000 ടൺ പ്ലാസ്റ്റിക് മാലിന്യമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇത് ഏകദേശം 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമാണ്. ഇവ നിരത്തിവെച്ചാൽ 12,000 കിലോമീറ്റർ നീളം വരും. ഇത് ഇന്ത്യയുടെ മൊത്തം തീരദേശത്തേക്കാൾ കൂടുതലാണ്. കഴിഞ്ഞ ദിവസം മന്ത്രിമാരുടെ അടക്കം സാന്നിധ്യത്തിലാണ് ഔദ്യോ​ഗികമായി ഈ പ്രഖ്യാപനം നടന്നത്. അലയൻസ് സർവീസസ് ഇന്ത്യയും അലയൻസ് ടെക്നോളജി ഇന്ത്യയും ചേർന്നാണ് പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്യാനുള്ള സിഎസ്ആർ പദ്ധതി നടപ്പാക്കിയത്. പദ്ധതി നഗരത്തിലെ വെള്ളപ്പൊക്ക ഭീഷണി കുറയ്ക്കുകയും പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം ലഭിച്ചിട്ടുള്ള ഇത്തരം പദ്ധതികൾ നിലനിൽക്കെ തന്നെയാണ് തിരുവനന്തപുരം ന​ഗരം മാലിന്യപ്രശ്നത്തിൽ നാണംകെടുന്നതെന്ന് ഓർക്കണം. ഭരണം മാറിയാലും ഇല്ലെങ്കിലും ജനത്തിന് വേണ്ടത് സു​ഗമമായ ജീവിതമാണ്. രാഷ്ട്രീയക്കാർക്ക് പരസ്പരം പഴിചാരാം, പക്ഷേ നിങ്ങളെ ഓരോ കസേരകളിൽ ഇരുത്തിയ ജനത്തിന്റെ തീരുമാനങ്ങളെ വെല്ലുവിളിക്കാൻ മാത്രം നിൽക്കരുതെന്ന് ഒരു ചെറിയ ഓർമപ്പെടുത്തൽ.

Advertisement
WhiteswanTV Footer