തിരുവനന്തപുരം: ശബരിമല തന്ത്രി നിയമനവുമായി ബന്ധപ്പെട്ട് കണ്ഠര് രാജീവർ നൽകിയ അപേക്ഷയിൽ നിലവിൽ തീരുമാനമെടുക്കേണ്ടതില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. വരാനിരിക്കുന്ന ചിങ്ങമാസം മുതൽ തന്റെ മകൻ ബ്രഹ്മദത്തനെ ശബരിമല തന്ത്രിയായി നിയമിക്കണമെന്നാവശ്യപ്പെട്ടാണ് കണ്ഠര് രാജീവർ ബോർഡിന് കത്ത് നൽകിയത്.
കഴിഞ്ഞ ദിവസം ചേർന്ന ദേവസ്വം ബോർഡ് യോഗത്തിൽ വിഷയം അജണ്ടയായി പരിഗണിച്ചെങ്കിലും അന്തിമ തീരുമാനമെടുക്കാതെ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിടാനാണ് ബോർഡിന്റെ ധാരണ. വിഷയം സ്പെഷ്യൽ കമ്മിഷണർ മുഖേന ഹൈക്കോടതിയെ അറിയിക്കാനാണ് തീരുമാനം.
നിലവിൽ മുൻ തന്ത്രി കണ്ഠര് മോഹനരുടെ മകൻ മഹേഷ് മോഹനരാണ് ശബരിമല തന്ത്രിയായി സേവനമനുഷ്ഠിക്കുന്നത്. അടുത്ത ഊഴം കണ്ഠര് രാജീവർക്കാണെങ്കിലും, വിവിധ കേസുകളിൽ പ്രതിയായ സാഹചര്യത്തിലാണ് തന്റെ സ്ഥാനത്ത് മകൻ ബ്രഹ്മദത്തനെ നിയമിക്കണമെന്ന ആവശ്യം അദ്ദേഹം മുന്നോട്ടുവെച്ചത്.
രാജീവർക്കെതിരെ കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അപേക്ഷയിൽ ബോർഡ് നേരിട്ട് തീരുമാനമെടുക്കുന്നത് നിയമപരമായ സങ്കീർണതകൾക്ക് ഇടയാക്കുമെന്ന അഭിപ്രായമാണ് യോഗത്തിൽ ഉയർന്നത്. പ്രത്യേകിച്ച് ശബരിമല സ്വർണക്കവർച്ചാ കേസ് ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതിയായ വ്യക്തിയുടെ അപേക്ഷയിൽ നേരിട്ട് തീരുമാനമെടുക്കുന്നത് വിവാദങ്ങൾക്ക് വഴിവെക്കുമെന്ന വിലയിരുത്തലും ബോർഡിനുണ്ടായി.
ഇതിന്റെ പശ്ചാത്തലത്തിൽ നിയമപരമായ വ്യക്തത ഉറപ്പാക്കുന്നതിനും വിവാദങ്ങൾ ഒഴിവാക്കുന്നതിനുമായി വിഷയം ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിടാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം. ചിങ്ങമാസം മുതൽ ശബരിമല തന്ത്രിയായി ആരെ നിയമിക്കണമെന്ന കാര്യത്തിൽ ഹൈക്കോടതിയുടെ നിർദേശം അനുസരിച്ചായിരിക്കും തുടർനടപടികൾ.


